തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രേംകുമാറുമായി ചര്‍ച്ച നടത്തി. നടൻ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹത്തിനിടെയാണ് ചര്‍ച്ച. പ്രേംകുമാറുമായി ഫോണിലൂടെയാണ് സംസാരിച്ചത്.
അതേസമയം, തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രേംകുമാര്‍ ഇന്നും സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തി. അക്കാദമി സെക്രട്ടറി എത്ര കാലമായി ആ പദവിയില്‍ തുടരുകയാണെന്ന് പ്രേംകുമാര്‍ ചോദിച്ചു. സ്വാഭാവിക മാറ്റമെന്ന് പറയുമ്പോള്‍ എല്ലായിടത്തും ആ മാറ്റം ഉണ്ടാകേണ്ടേ? ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്ന എന്നെ മാത്രം തിരഞ്ഞുപിടിച്ച് എന്ത് ന്യായത്തിലാണ് മാറ്റിയത്. ഒരു അറിയിപ്പു പോലും ഇല്ലാതെ, എന്നോടൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോട് ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ ഇവിടെ നിന്ന് പുറത്താക്കിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ അടങ്ങിയൊതുങ്ങി നിന്നയാളാണ് ഞാന്‍ -പ്രേംകുമാര്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന ആരോപണവുമായാണ് പ്രേംകുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആശാസമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണം. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യത വേണമായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.
















