വീക്ഷണം ദിനപ്പത്രം ആരംഭിച്ചിട്ട് അമ്പതു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1973-ല്‍ എ.കെ. ആന്റണി കെ. പി. സി.സി പ്രസിഡണ്ടായപ്പോഴാണ് വീക്ഷണം വാരിക തുടങ്ങുന്നത്. അന്ന് ഡി.വിവേകാനന്ദനായിരുന്നു വീക്ഷണം വാരിക പത്രാധിപര്‍. 1974-ല്‍ ഞാന്‍ കെ.എസ്.യു മുഖപത്രമായ ‘കലാശാല, യുടെ പത്രാധിപരായപ്പോള്‍ എന്റെ ലേഖനങ്ങള്‍ ശ്രദ്ധിച്ചിരുന്ന വിവേകാനന്ദന്‍ സാര്‍ വീക്ഷണത്തിലും എഴുതാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതി തുടങ്ങിയത്.
അക്കാലത്തു തന്നെ വീക്ഷണം ദിനപ്പത്രം തുടങ്ങുന്നതിനുള്ള പ്രാരംഭ ആലോചനകള്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഞാനും സാക്ഷിയായിരുന്നു. 1975 ലാണ് വീക്ഷണം ദിനപ്പത്രത്തിന് സ്ഥലവും കെട്ടിടവും പ്രസും വാങ്ങുന്നതിന് മണ്ഡലാടിസ്ഥാനത്തില്‍ ഫണ്ടു പിരിവ് തുടങ്ങിയത്. 900 മണ്ഡലകേന്ദ്രങ്ങളില്‍ ആന്റണി നേരിട്ടെത്തി. അന്ന് കെ.എസ്.യു ജനറല്‍ സെക്രട്ടറിയായിരുന്ന ഞാന്‍ വിവിധ ജില്ലകളില്‍ മുന്നോടിയായുളള പ്രസംഗത്തിന് പോയത് സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസിലേക്കുള്ള എന്റെ അരങ്ങേറ്റവും ജീവിതത്തിലെ മികച്ച രാഷ്ട്രീയ അനുഭവവുമായിരുന്നു.
1976 ഫെബ്രുവരി 11 ന് വീക്ഷണം ദിനപ്പത്രം പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉദ്ഘാടനം ചെയ്തപ്പോള്‍ മുന്‍നിരയില്‍ ഞാന്‍ ഉണ്ടായിരുന്നു. മനോരമയില്‍ നിന്നും രാജിവെച്ച സി.പി. ശ്രീധരന്‍ വീക്ഷണം പത്രാധിപത്യം ഏറ്റെടുത്തപ്പോള്‍ തന്നെ വീക്ഷണത്തില്‍ രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതാന്‍ നിര്‍ബന്ധപൂര്‍വ്വം എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ഞാന്‍ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായത്. വിദ്യാര്‍ത്ഥിയായ അന്നെനിക്ക് വയസ് 21 മാത്രം. പിന്നീടാണ് കെ.എസ്.യു പ്രസിഡണ്ടായത്.
ഗോഹട്ടി ഉള്‍പ്പെടെ പലയിടത്തും എ.ഐ.സി.സി സമ്മേളനങ്ങള്‍ നടന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സി.പി. ശ്രീധരന്‍ എന്നെ നിയോഗിച്ചു. 1976-ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്ന എ.കെ.ആന്റണിയുടെ ഗോഹട്ടി പ്രസംഗം സെന്‍സര്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റു പത്രങ്ങള്‍ പ്രസിദ്ധികരിക്കാന്‍ തയ്യാറാവാതിരുന്ന ആന്റണിയുടെ പ്രസംഗം വീക്ഷണം മാത്രം പൂര്‍ണ്ണമായും കൊടുത്തു. അന്ന് മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം സര്‍ക്കുലേഷന്‍ ഉണ്ടായിരുന്ന മലയാള പത്രം വീക്ഷണമായിരുന്നു. വീക്ഷണത്തിന് ഒന്നേകാല്‍ ലക്ഷം സര്‍ക്കുലേഷന്‍ ഉണ്ടായിരുന്നപ്പോള്‍ ദേശാഭിമാനിക്ക് 30000 മാത്രമായിരുന്നു.
എന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്. പിന്നീട് മനോരമ, മാതൃഭൂമി,കൗമുദി, ദീപിക എന്നീ പത്രങ്ങളിലും കേരള ശബ്ദം, കലാകൗമുദി, മാതൃഭൂമി എന്നീ വാരികകളിലും ഭാഷാപോഷിണിയിലും ലേഖനങ്ങളെഴുതാന്‍ കഴിഞ്ഞു. 20 വയസു മുതല്‍ 30 വയസു വരെയുള്ള ജീവിത കാലഘട്ടത്തിലാണ് വിദ്യാഭ്യാസ വിപ്ലവം, കാല്‍ നൂറ്റാണ്ട്,സ്വാതന്ത്ര്യത്തിനു ശേഷം, ഗള്‍ഫിലെ കേരളം, അഴിമതിയുടെ കറ, നേതൃ നിര, രാഷ്ട്രീയ വിജ്ഞാനം എന്നീ ഗ്രന്ഥങ്ങള്‍ ഞാന്‍ രചിക്കുന്നത്. ഇതിനെല്ലാം എനിക്ക് പ്രചോദനമായത് വീക്ഷണത്തിലെ പ്രവര്‍ത്തന അനുഭവമായിരുന്നു. വീക്ഷണം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ എ.കെ. ആന്റണിയ്‌ക്കൊപ്പം ചെറിയ തോതിലെങ്കിലും അഭിമാനിക്കാന്‍ എനിക്കും അവകാശമുണ്ട്.
















