തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടെയും ആരാധകർ ഏറെ കാത്തിരുന്ന സുദിനത്തിനായി ഇനി അധിക നാളുകൾ ഇല്ല. വിവാഹം ഫെബ്രുവരി 26-ന് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. താരവിവാഹത്തിന്റെ ക്ഷണക്കത്ത് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
Wedding bells 💍✨
Vijay Deverakonda and Rashmika Mandanna are set to tie the knot on February 26, with the reception to be held on March 4. ❤️#VijayDeverakonda #RashmikaMandanna #WeddingNews #SIIMA pic.twitter.com/oGd0PABCXE— SIIMA (@siima) February 16, 2026
അടുത്തബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്ന് വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ക്ഷണക്കത്തിൽ പറയുന്നു. വിവാഹവേദി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉദയ്പൂരിൽ ഒരു ഡെസ്റ്റിനേഷൻ വെഡിങ് ആയിട്ടായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് മാർച്ച് 3-ന് ഹൈദരാബാദിൽ വെച്ച് വൈകുന്നേരം 7 മണി മുതൽ വിവാഹ സൽക്കാരം സംഘടിപ്പിക്കുമെന്നും പുറത്തുവന്ന ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിസപ്‍ഷൻ നടക്കുക ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാകും എന്നാണ് ക്ഷണക്കത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
“ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ നിമിഷത്തെക്കുറിച്ച് പങ്കുവെക്കാനും നിങ്ങളെ അതിൽ പങ്കാളിയാക്കാനും ഞാൻ എഴുതുന്നു. ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തിന്റെയും അനുഗ്രഹങ്ങളുടെയും പിന്തുണയോടെ, രശ്മികയും ഞാനും 26.02.26 ന് ലളിതമായ ചടങ്ങിൽ വിവാഹിതരാകും.
ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും. ഞങ്ങളുടെ വിവാഹ വിരുന്നിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.” ക്ഷണക്കത്തിൽ പറയുന്നതിങ്ങനെ.
ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹ നിശ്ചയത്തെക്കുറിച്ച് അവർ ഔദ്യോഗികമായി ഒന്നും അറിയിച്ചില്ലെങ്കിലും, പിന്നീട് പങ്കെടുത്ത വിവിധ പരിപാടികളിൽ അവർ ഇത് നിഷേധിച്ചുമില്ല. രശ്മികയുടെ ‘ദ ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ, വിജയ് രശ്മികയെ അഭിനന്ദിക്കുകയും കൈയിൽ ചുംബിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.
തങ്ങളുടെ വിവാഹവാർത്ത വിജയ്‌യും രശ്മികയും തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
















