മോഹൻലാൽ എസ്.എൻ. സ്വാമിയോട് മോശമായി പെരുമാറി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെയുണ്ടായ തിരക്കിലെ ദൃശ്യങ്ങൾ മനഃപൂർവം എഡിറ്റ് ചെയ്തും ഫ്രെയിമുകൾ മാറ്റിയും ദുർവ്യാഖ്യാനം ചെയ്താണ് പ്രചരിപ്പിക്കുന്നതെന്ന് എസ്.എൻ. സ്വാമി പറഞ്ഞു. നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്ന സോഷ്യൽ മീഡിയ പ്രവണതയെ ശക്തമായി വിമർശിക്കുകയും അദ്ദേഹം ചെയ്തു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു സംഭവം.
‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്ന് മോഹൻലാൽ തന്നോട് സ്നേഹത്തോടെ ചോദിച്ച കാര്യത്തെയാണ് വിവാദമാക്കിയതെന്നും, മറിച്ച് ക്യാമറയുമായി തിക്കിത്തിരക്കി വന്നവരോടാണ് താരം ബാക്കി കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റെപ്പുകൾ ഇറങ്ങാൻ മോഹൻലാൽ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നും പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും പറഞ്ഞ സ്വാമി, കേവലം റീച്ചിന് വേണ്ടി ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്ന സോഷ്യൽ മീഡിയ പ്രവണതയെ ശക്തമായി വിമർശിക്കുകയും ചെയ്തു.
‘‘ബി ഉണ്ണികൃഷ്ണന്റെ ‘പ്രതിച്ഛായ’ എന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ പോയതാണ്. പോയി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടത് അവിടെ വച്ച് ഞാനും മോഹൻലാലും തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി എന്ന തരത്തിലുള്ള വാർത്തകളാണ്. ഞാനും മോഹൻലാലും തമ്മിൽ ഒരു പ്രശ്നവും ഇല്ല, ഇങ്ങനെ ഒരു വിശദീകരണത്തിന്റെ ആവശ്യം പോലും ഇല്ല. ഞങ്ങൾ തമ്മിൽ വലിയ സ്നേഹത്തിലാണ് അവിടെ നിന്ന് പിരിഞ്ഞത്. ഞങ്ങൾ പോകാൻ നേരം ഇറങ്ങി വന്നപ്പോൾ അവിടെ വലിയ തിരക്ക് ആയിരുന്നു, ഞങ്ങൾ അടുത്തടുത്ത് വന്നപ്പോൾ ശരീരത്ത് കൈ വച്ചത് തള്ളുന്നതുപോലെ കാണിച്ച് പ്രചരിപ്പിക്കുകയാണ്. ആ രീതിക്കാണ് ഫ്രെയിം അഡ്ജസ്റ്റ് ചെയ്ത് ആ വിഷ്വൽ എടുത്തിരിക്കുന്നത്.
‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്നാണ് ലാൽ പറഞ്ഞത്, ‘അപ്പോഴേക്കും ഇങ്ങോട്ട് കയറി വന്നോ’ എന്ന ബാക്കി ഭാഗം പറഞ്ഞത് ക്യാമറയും കൊണ്ടു തിക്കി തിരക്കി വന്നവരോടാണ്. അതിനു ശേഷം ലാൽ എന്നെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാൻ സഹായിക്കുകയാണ് ചെയ്തത്. പ്രോഗ്രാമിന് കണ്ടപ്പോൾ ലാലുമായി കുറെ നേരം സംസാരിച്ചിരുന്നു, അതിനു ശേഷം കണ്ടപ്പോഴാണ് ‘ഞാൻ പൊയ്ക്കോട്ടേ’ എന്ന് ലാൽ പറഞ്ഞത്. അതിനു ശേഷം ആന്റണിയും ഞാനും കുറെ നേരം സംസാരിച്ചിട്ടാണ് പിരിഞ്ഞത്. വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഇവരൊക്കെ എന്തറിഞ്ഞിട്ടാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
മമ്മൂട്ടിയും ലാലും ഞാനുമൊക്കെ തമ്മിൽ ഇക്കാലയളവിൽ ഒരു മൺതരിയുടെ അത്രയും അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്ത് പറഞ്ഞാലും ഞങ്ങൾക്കൊന്നും കുഴപ്പമില്ല, ലാലിനെയോ മമ്മൂട്ടിയെയോ എന്നെയോ കുറിച്ച് ഇവരൊക്കെ എന്ത് പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.
ബന്ധങ്ങളെ ഊഷ്മളമാക്കാൻ ആണ് എല്ലാവരും ശ്രമിക്കേണ്ടത് അല്ലാതെ ഇങ്ങനെ നെഗറ്റീവ് വാർത്തകൾ കൊടുക്കുകയല്ല വേണ്ടത്. ഇങ്ങനെയുള്ള വാർത്തകൾ കൊടുത്ത് ചീത്ത കമന്റുകൾ നേടി റീച്ച് കൂട്ടാൻ ആണ് അവർ ശ്രമിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാൽ എന്തൊക്കെ വാർത്തകളും കമന്റുകളും ആണ് ഇടുന്നത്, ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകൾ ആണ് കൂടുതൽ. സോഷ്യൽ മീഡിയ മോശം കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നവരെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.’’ എസ്.എൻ. സ്വാമി പറഞ്ഞു.
















