എറണാകുളം കുന്നുകരയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ ഹെറോയിനുമായി രണ്ട് അസം സ്വദേശികൾ പിടിയിലായി. അസം സ്വദേശികളായ റഷീദുൽ ഇസ്ലാം (20), നസീറുദ്ദീൻ (25) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 11.630 ഗ്രാം ഹെറോയിനും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ലഹരിമരുന്ന് അളന്നു വിൽക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്, ഹെറോയിൻ കടത്താൻ ഉപയോഗിച്ച പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച പണം എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു. ലഹരി വിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന മറ്റു സാമഗ്രികളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















