കൊറിയൻ സീരിസ് പ്രേക്ഷകർ ക്ഷമയോടെ കാത്തിരുന്ന സോംബി ത്രില്ലർ ‘ഓൾ ഓഫ് അസ് ആർ ഡെഡ്’ സീസൺ 2 ചിത്രീകരണം പൂർത്തിയായി. 2022-ൽ ആണ് സീരിസിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യഭാഗത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ‘സ്ക്വിഡ് ഗെയിമിന്’ ശേഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കൊറിയൻ ഷോകളിൽ ഒന്നാണ് ‘ഓൾ ഓഫ് അസ് ആർ ഡെഡ്’.
ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സീസൺ 2 എപ്പോൾ സ്ട്രീമിംഗ് ആരംഭിക്കും എന്നറിയാനാണ്. റിപ്പോർട്ട് പ്രകാരം, സീസൺ 2-ന്റെ ചിത്രീകരണം 2026 ഫെബ്രുവരി 19-ന് അവസാനിച്ചു. ഷെഡ്യൂളിംഗ് കോൺഫ്ലിക്റ്റുകൾ കാരണം പലതവണ നീണ്ടുപോയ ഷൂട്ടിംഗ് ഏകദേശം ഏഴ് മാസമെടുത്താണ് പൂർത്തിയാക്കിയത്. സിരീസിലെ പ്രധാന താരങ്ങളായ പാർക്ക് ജി-ഹു, ചോ യി-ഹ്യുൻ എന്നിവർ ഷൂട്ടിംഗ് പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ചിത്രീകരണം കഴിഞ്ഞെങ്കിലും വിഷ്വൽ ഇഫക്റ്റുകൾക്കും മറ്റ് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കുമായി ഇനിയും സമയമെടുക്കും. അതിനാൽ 2027-ന്റെ തുടക്കത്തിൽ മാത്രമേ സീസൺ 2 നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കാൻ സാധ്യതയുള്ളൂ.
സീസൺ 2-ൽ പ്രധാന താരങ്ങളെല്ലാം തിരിച്ചെത്തുന്നു എന്നത് വലിയ ആശ്വാസമാണ്. പാർക്ക് ജി-ഹു, യൂൻ ചാൻ-യംഗ്, ചോ യി-ഹ്യുൻ, ലോമൺ എന്നിവർ പ്രധാന വേഷങ്ങളിൽ വീണ്ടും എത്തും. ഒന്നാം സീസണിന്റെ അവസാനം മരണപ്പെട്ടുവെന്ന് കരുതിയ ലീ ചിയോങ്-സാൻ (യൂൻ ചാൻ-യംഗ്) എങ്ങനെ തിരിച്ചുവരും എന്നത് വലിയൊരു സസ്‌പെൻസാണ്. സീരീസിന്റെ അനൗൺസ്‌മെന്റ് വീഡിയോയിൽ ഈ നാല് താരങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് ചിയോങ്-സാന്റെ തിരിച്ചുവരവ് ഉറപ്പിക്കുന്നു. ഇതിനുപുറമെ ചില പുതിയ കഥാപാത്രങ്ങളും ഈ സീസണിൽ എത്താൻ സാധ്യതയുണ്ട്.
















