മലയാള സിനിമയുടെ നെടുംതൂണായിരുന്നു ശ്രീനിവാസൻ. നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്കും മലയാളികൾക്കും തീരാനോവാണ് നൽകിയത്. കഴിഞ്ഞ ദിവസം ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് വൽകി ആദരിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് വൈറലാകുന്നത്.
അച്ഛന് ലഭിച്ച പുരസ്‌കാര ശില്പം സന്തോഷത്തോടെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന അമ്മ വിമലയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനീത് തന്റെ വികാരങ്ങൾ കുറിച്ചത്. “വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. അതുകൊണ്ട് ഈ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്,” എന്നായിരുന്നു വിനീതിന്റെ വാക്കുകൾ.
ശ്രീനിവാസന്റെ ഐതിഹാസികമായ സിനിമാ ജീവിതത്തിന് കരുത്തുറ്റ പിന്തുണയായി എന്നും കൂടെയുണ്ടായിരുന്ന പങ്കാളിക്കുള്ള സമർപ്പണമായാണ് വിനീത് ഈ പുരസ്‌കാരത്തെ അടയാളപ്പെടുത്തിയത്.
















