ചെവിക്കുള്ളിൽ വണ്ടിന്റെ മൂളലോ, വിസിൽ ശബ്ദമോ, കാറ്റ് ചീറ്റുന്നതുപോലെ വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നതായി നിങ്ങൾക്ക് തോന്നാറുണ്ടോ ? വൈദ്യശാസ്ത്രത്തിൽ ‘ടിന്നിറ്റസ്’ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ ഒരു പ്രത്യേക രോഗമല്ല. മറിച്ച് ശരീരത്തിലെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്.
തുടർച്ചയായി ഹെഡ്‌ഫോൺ ഉപയോഗിക്കുന്നതും ഫാക്ടറികളിലെയും മറ്റും വലിയ ശബ്ദങ്ങൾ കേൾക്കുന്നതും കേൾവിശക്തിയെ ബാധിക്കുകയും ടിന്നിറ്റസിന് കാരണമാവുകയും ചെയ്യുന്നു. ചെവിയിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് കർണ്ണപടത്തിന് സമ്മർദ്ദമുണ്ടാക്കുന്നതിനും ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നതിനും ഇടയാക്കും. കൂടാതെ, പ്രായമാകുമ്പോൾ ആന്തരിക കർണ്ണത്തിലെ കോശങ്ങൾക്കുണ്ടാകുന്ന തേയ്മാനം, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവയും ടിന്നിറ്റസിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. രക്തസമ്മർദ്ദമുള്ളവരിൽ ഹൃദയമിടിപ്പ് പോലെ ചെവിയിൽ ശബ്ദം കേൾക്കാറുണ്ട്.
ടിന്നിറ്റസ് നിങ്ങളുടെ ഉറക്കത്തെയും ജോലിയെയും മാനസികാവസ്ഥയെയും ബാധിക്കുന്നുണ്ടെങ്കിൽ വിദഗ്ധ ഉപദേശം തേടേണ്ടതാണ്. പ്രത്യേകിച്ച്
ഒരു ചെവിയിൽ മാത്രം ശബ്ദം കേൾക്കുക, പെട്ടെന്ന് കേൾവിശക്തി കുറയുക, ശബ്ദത്തിനൊപ്പം തലകറക്കം അനുഭവപ്പെടുക, ചെവിയിൽ നിന്ന് പഴുപ്പോ മറ്റ് ദ്രാവകങ്ങളോ വരിക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.
ഹെഡ്‌ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ശബ്ദം കുറഞ്ഞ അളവിൽ മാത്രം കേൾക്കുകയും ചെയ്യുന്നത് ടിന്നിറ്റസ് തടയാൻ സഹായിക്കും. സ്വയം ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കാൻ ശ്രമിക്കരുത്; ഇത് അഴുക്ക് ഉള്ളിലേക്ക് തള്ളാൻ മാത്രമേ ഉപകരിക്കൂ. കൃത്യമായ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ടിന്നിറ്റസ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ നിർദ്ദേശം തേടുന്നത് ഇത്തരം അസ്വസ്ഥതകളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
















