ചിലർക്ക് പ്രണയം ജീവിതമാണെങ്കിൽ മറ്റു ചിലർക്ക് അത് മരണത്തിലേക്കുള്ള വഴിതുറക്കുന്നു. വിശ്വാസവും സ്നേഹവും നിറയേണ്ട ബന്ധങ്ങൾ ഇന്ന് പലപ്പോഴും സംശയത്തിൻ്റെയോ പകയുടെയോ പേരിൽ ചോരയിൽ മുങ്ങി അവസാനിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രണയവും സൗഹൃദവും ഒരു കൊലക്കയറായി മാറുന്ന ഈ കാലഘട്ടത്തിൽ, കൊച്ചി നഗരത്തെ നടുക്കിയ ഒരു ക്രൂരകൃത്യം കൂടി പുറംലോകം അറിഞ്ഞിരിക്കുകയാണ്.
വർഷങ്ങളോളം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ, വിവാഹം കഴിക്കണമെന്ന ഒരൊറ്റ ആവശ്യത്തിൻ്റെ പേരിൽ ഇല്ലാതാക്കാൻ ശ്രമിച്ച സംഭവം മാനുഷിക മൂല്യങ്ങളുടെ തകർച്ചയെയാണ് വിളിച്ചോതുന്നത്. എത്ര ആസൂത്രിതമായി കുറ്റം ചെയ്താലും, നിയമത്തിൻ്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ഒരു പഴുതെങ്കിലും കൊലയാളി ബാക്കിവെക്കുമെന്ന സത്യം ഇവിടെയും ആവർത്തിക്കപ്പെട്ടു. പതറാത്ത മനസാക്ഷിയോടെ ഒരു ജീവനെടുത്ത ആ കൊടുംക്രൂരതയുടെ ചുരുളഴിയുമ്പോൾ കേരളം വീണ്ടും ചോദിക്കുന്നു—നമ്മുടെ ബന്ധങ്ങളിൽ എവിടെയാണ് പിഴച്ചത്? എന്ന്
ഷാജിയും സുധയും എന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന് രണ്ട് പതിറ്റാണ്ടിൻ്റെ പഴക്കമുണ്ട്. ഹൈക്കോടതി ജീവനക്കാരനായിരുന്ന ഷാജിയുടെ സഹപ്രവർത്തകയായിരുന്നു സുധയുടെ അമ്മ. കുടുംബങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പരിചയം കാലക്രമേണ ഷാജിയും സുധയും തമ്മിലുള്ള വ്യക്തിബന്ധമായി പതിയെ വളരുകയും അത് പിന്നീട് പ്രണയമായി മാറുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി ഈ ബന്ധത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നുണ്ടായിരുന്നു. സുധയുടെ ചില ആവശ്യങ്ങളും നിർബന്ധങ്ങളും ഷാജിയെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയായി മാറി. തനിക്ക് മാത്രമേ ഷാജിയെ ലഭിക്കാവൂ എന്ന സുധയുടെ വാശി തർക്കങ്ങളിലേക്കും ഭീഷണിയിലേക്കും വഴിമാറി. ഈ ശല്യം ഒഴിവാക്കാൻ ഷാജി കണ്ടെത്തിയ വഴി അതിക്രൂരമായിരുന്നു.
സംഭവദിവസം പതിവുപോലെ ഇരുവരും കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് വൈറ്റിലയിലെ വിജനമായ റെയിൽപാളത്തിന് അടുത്തേക്ക് എത്തി. അവിടെ വെച്ച് വീണ്ടും അവർക്കിടയിൽ തർക്കം രൂക്ഷമായപ്പോൾ, മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ ഷാജി കയ്യിലുണ്ടായിരുന്ന കല്ലെടുത്ത് സുധയുടെ തലയ്ക്ക് ആഞ്ഞടിച്ചു. സുധ രക്തം വാർന്നൊഴുകി മരണത്തിലേക്ക് കീഴടങ്ങി. മരിച്ചെന്നുറപ്പുവരുത്തിയ ശേഷം സുധയുടെ ശരീരം ട്രെയിൻ തട്ടി മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ഷാജി പാളത്തിലേക്ക് കൊണ്ട് തള്ളിയിട്ടു.
എന്നാൽ കൊലപാതകം ആസൂത്രണം ചെയ്തതിൽ ഷാജിക്ക് ഒരബദ്ധം പറ്റി. സുധയെ കൊണ്ടുപോയി ഇട്ടത് ട്രെയിനുകൾ സർവീസ് നടത്താത്ത ഒരു ട്രാക്കിലായിരുന്നു. മണിക്കൂറുകളോളം ആ മൃതദേഹം അവിടെ കിടന്നു. ഒടുവിൽ ഒരു ലോക്കോ പൈലറ്റാണ് മൃതദേഹം കാണുന്നതും വിവരം പോലീസിനെ അറിയിക്കുന്നതും. കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഷാജി പോലീസിൻ്റെ പിടിയിലായി. സിസിടിവി ദൃശ്യങ്ങളും തെളിവുകളും ഷാജിക്ക് എതിരായിരുന്നു. ഇരുപത് വർഷത്തെ സ്നേഹം ഒരു നിമിഷത്തെ പകയിൽ റെയിൽപാളത്തിൽ അവസാനിക്കുകയായിരുന്നു.
















