തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വ്യാഴാഴ്ച ഉദയ്പുരിൽ വെച്ച് വിവാഹിതരായി. താരങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പ്രിയതാരം കല്യാണി പ്രിയദർശനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങിന് സാക്ഷ്യം വഹിച്ച വൈകാരികമായ നിമിഷത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കല്യാണി.
‘വിസ്മയിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഏറ്റവും ദയയുള്ള ആ പെൺകുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹംചെയ്യുന്നതിന് ഞാൻ സാക്ഷിയായി. പുറംതിരിഞ്ഞ് അയാൾ അവൾക്കുവേണ്ടി കാത്തിരിക്കവെ, അവനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ഓരോ ചുവടിലേയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു. സാവധാനത്തിൽ ഉറച്ചശ്വാസവുമായി അവൾ നടക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു’, കല്യാണി കുറിച്ചു.
‘പ്രയത്‌നവും ബഹുമാനവും ഗാഢസൗഹൃദവുംകൊണ്ട് വളർത്തിയെടുത്ത സ്‌നേഹത്തിന് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്ക്കും അഭിനന്ദനങ്ങൾ. ഇത് ഏറ്റവും മനോഹരമായ ഒന്നിന്റെ തുടക്കമാവട്ടെ’, കല്യാണി കൂട്ടിച്ചേർത്തു.
തെലുങ്ക്- കൊടവ ആചാരപ്രകാരം രണ്ടുചടങ്ങുകളിലായാണ് വിവാഹം നടന്നത്. രാവിലെ 10.10-ഓടെ തെലുങ്ക് ആചാരപ്രകാരമുള്ള ചടങ്ങ് നടന്നു. ആഘോഷങ്ങൾ മൂന്നുദിവസത്തോളം നീണ്ടു. വിവാഹചിത്രങ്ങൾ ദമ്പതിമാർ പിന്നീട് പങ്കുവെച്ചു.
വലിയ സ്വപ്‌നങ്ങൾ കാണുന്നത് തെറ്റല്ലെന്നും ചിന്തിക്കുന്നതിലും വലുത് നേടാൻ കഴിവുണ്ടെന്നും തനിക്ക് ആത്മവിശ്വാസം നൽകിയ വ്യക്തിയെന്നായിരുന്നു വിജയ് ദേവരകൊണ്ടയെ രശ്മിക വിശേഷിപ്പിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ താൻ ജീവിതസഖിയാക്കിയെന്നാണ് വിജയ് കുറിച്ചത്.
















