ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ‘പരം സുന്ദരി’. ഇപ്പോഴിതാ സിനിമയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. തമിഴ് യൂട്യൂബ് ചാനലായ ഇൻഫാൻസ് വ്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കാളിദാസിന്റെ പ്രതികരണം. സമീപകാലത്ത് താൻ കണ്ട ഏറ്റവും മോശം സിനിമയാണിതെന്നും, കേരളത്തെയും ഇവിടുത്തെ സംസ്കാരത്തെയും പരിഹസിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും കാളിദാസ് പറഞ്ഞു.
‘‘’പരം സുന്ദരിയാണ് ഞാൻ അടുത്തിടെ കണ്ട ഏറ്റവും മോശം സിനിമ. സിനിമയിലെ ആവിഷ്കാര ശൈലിയെക്കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. കേരളത്തെ വളരെ മോശമായ രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘പരം സുന്ദരി’ എന്ന സിനിമ കണ്ടപ്പോൾ വലിയ അതൃപ്തിയാണ് തോന്നിയത്. നമ്മുടെ സംസ്കാരത്തെ ഇത്രത്തോളം പരിഹാസരൂപേണ കാണിച്ചത് അംഗീകരിക്കാനാവില്ല. അത്രത്തോളം മോശമായ അനുഭവമാണ് ആ സിനിമ നൽകിയത്.’’ കാളിദാസ് ജയറാം പറഞ്ഞു.
ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ഈ ബോളിവുഡ് ചിത്രം റിലീസ് ആയത് മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണവും ട്രോളുകളുമാണ് നേരിടുന്നത്. ചിത്രത്തിലെ മലയാളം സംഭാഷണങ്ങളിലെ പിശകുകളും കേരളത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും വലിയ ചർച്ചയായിരുന്നു. പ്രത്യേകിച്ച് ‘ചുവപ്പുനിറത്തിലെ സാരി’ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ മലയാളികൾക്കിടയിൽ വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു.
കേരളം സാമൂഹികമായും സാംസ്കാരികമായും ഒരുപാട് മുന്നോട്ടുപോയിട്ടും പഴയകാലത്തെ സ്റ്റീരിയോടൈപ്പുകൾ തന്നെ ബോളിവുഡ് പിന്തുടരുന്നതിനെതിരെ സംവിധായകൻ രഞ്ജിത് ശങ്കറും നേരത്തെ രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾ കടുക്കുന്നതിനിടെ ചിത്രത്തിലെ നായിക ജാൻവി കപൂർ വിശദീകരണവുമായി എത്തിയിരുന്നു. സിനിമയിലെ തന്റെ കഥാപാത്രം പകുതി മലയാളി ആണെന്നും താൻ മലയാള സിനിമകളുടെ വലിയ ആരാധകിയാണെന്നുമാണ് താരം പറഞ്ഞത്. എന്നാൽ ഈ വിശദീകരണമൊന്നും കേരളത്തിലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്നാണ് കാളിദാസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
















