കാമാഖ്യ നാരായൺ സിങ് സംവിധാനം നിർവ്വഹിച്ച് ഒരുങ്ങിയ കേരള സ്റ്റോറി 2 വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞു. കേരളത്തിലെ ആളുകൾ ബീഫ് കഴിക്കില്ലെന്നുള്ള തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന രംഗങ്ങൾ. കേരളത്തിലെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബീഫും പൊറോട്ടയുമെല്ലാം. ഒരു മലയാളി പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ചിത്രത്തിന്റെ ടീസറിൽ ഉണ്ടായിരുന്നു. കേരള സ്റ്റോറി തുറന്നുവിട്ട ബീഫ് വിവാദത്തിൽ നടൻ ഷെെൻ ടോം ചാക്കോ വളരെ രസകരമായി തന്റെ അഭിപ്രായം പങ്കുവെയ്ക്കുകയുണ്ടായി. കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ റെസ്റ്റോറന്റ് ആയ ബോസ് വേലിയയുടെ ഉദ്ഘാടനം നടന്നിരുന്നു. അതിന്റെ ഭാഗമായി റെസ്റ്റോറന്റിലെത്തിയ താരം ഭക്ഷണത്തിന്റെ റിവ്യൂ പറയവെയാണ് ബീഫുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പരാമർശിച്ചത്.
ബീഫ് കഴിക്കുന്നതിനെച്ചൊല്ലി നമ്മുടെ നാട്ടിൽ വലിയ തെറ്റിദ്ധാരണയുണ്ടെന്നും, എന്തൊക്കെ വിവാദങ്ങൾ വന്നാലും നമ്മുടെ നാട്ടിലെ വിവരമുള്ളവർക്ക് കാര്യം മനസിലാകുമെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞു.
‘ബോസ് വേലിയയിലെ ഭക്ഷണമെല്ലാം വളരെ നല്ലതാണ്. പ്രത്യേകിച്ച് ബീഫ്. ബീഫിനെക്കുറിച്ച് പറയുമ്പോൾ പറയേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിൽ വളരെ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ബീഫിന്റെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കുന്നത്. ബീഫ് എന്നു പറഞ്ഞാൽ പോത്തിറച്ചിയാണെന്നും, പോത്തിനെയറുക്കുക എന്നാണ് പറയാറുള്ളത്, അല്ലാതെ പശുവിനെ ആരും അറുക്കാറില്ല, പശുവിനെ ഇവിടെ ആരും കഴിക്കാറുമില്ല. ബീഫ് ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ട ആവിശ്യവുമില്ല, അതെല്ലാവരും കഴിച്ചോളും, നല്ല ടേസ്റ്റുള്ളത് പോത്തിറച്ചിയുമാണ്. അതുകൊണ്ടുതന്നെ അതിന്റെ പേര് പറഞ്ഞ് ആരെയും തമ്മിലടിപ്പിക്കാനുള്ള പരിപാടികൾ നടക്കുന്നുണ്ട്, അതിൽ വലിയ കാര്യമില്ല, വിവരമുള്ളവർക്ക് കാര്യം മനസിലാകും, പിള്ളേർക്ക് പെട്ടെന്ന് മനസിലാകും.’
















