ഇടുക്കി രാജാക്കാടിൽ വഴിത്തർക്കത്തെ തുടർന്ന് രണ്ടു വീട്ടുകാർ തമ്മിൽ സംഘർഷം. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട് ഉൾപ്പെടെ നാലുപേർക്കെതിരേ രാജക്കാട് പോലീസ് കേസെടുത്തു. സംഘർഷത്തിൽ കുമ്പപ്പാറ മണപ്പാടക്കുറി സുധ, മകൾ സുബി, സുധയുടെ സഹോദരി പൊന്നമ്മ, അയൽവാസി ബിന്ദു, ബിന്ദുവിന്റെ മകൾ കൃഷ്ണപ്രിയ എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കുറച്ചുനാളുകളായി ഇരുകൂട്ടരും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. അതിനിടെ സ്ഥലത്ത് ഷാജി ഒരു ഗേറ്റ് സ്ഥാപിച്ചു. ഈ ഗേറ്റ് മറുകൂട്ടർ ഇളക്കിയത് ആണ് സംഘർഷത്തിന് വഴിയൊരുക്കിയത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള സംഘം വടികൊണ്ടും മറ്റും തമ്മിൽത്തല്ലുന്നതും അസഭ്യം പറയുന്നതും എല്ലാം സിസിടിവിയിൽ കാണാൻ സാധിക്കും.
സംഭവത്തിൽ പരിക്കേറ്റവർ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാജാക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷാജിയെ കൂടാതെ മഠത്തിശ്ശേരി രാജു, ഇദ്ദേഹത്തിന്റെ മക്കളായ ടിനോയ്, ടിന്റു എന്നിവരും കേസിലെ പ്രതികളാണ്.
VIDEO CREDIT: Nxt News
















