ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ജനങ്ങൾ ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് രാജ്യം വലിച്ചിഴയ്ക്കപ്പെടുകയാണെന്നും, സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു (X) മംദാനിയുടെ പ്രതികരണം.
അമേരിക്കൻ ജനത ഇപ്പോൾ ആഗ്രഹിക്കുന്നത് യുദ്ധമല്ല, മറിച്ച് നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുള്ള ആശ്വാസമാണെന്ന് മംദാനി ചൂണ്ടിക്കാട്ടി. നഗരങ്ങളിൽ ബോംബെറിയുന്നതും സാധാരണക്കാരെ കൊന്നൊടുക്കുന്നതും അംഗീകരിക്കാനാവില്ല. ഭരണമാറ്റത്തിന് വേണ്ടിയുള്ള മറ്റൊരു യുദ്ധം അമേരിക്കക്കാർക്ക് ആവശ്യമില്ലെന്നും സമാധാനമാണ് അവരുടെ മുൻഗണനയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി സൈനികരെ അപകടത്തിലേക്ക് തള്ളിയിടുകയാണെന്ന വിമർശനവും അദ്ദേഹം ഉയർത്തി.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിൽ സുരക്ഷ ശക്തമാക്കിയതായി മേയർ അറിയിച്ചു. പോലീസും ദുരന്തനിവാരണ വിഭാഗവും അതീവ ജാഗ്രതയിലാണ്. പ്രധാന കേന്ദ്രങ്ങളിൽ പെട്രോളിങ് ശക്തമാക്കാനും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ ന്യൂയോർക്ക് പൗരന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിലെ ഇറാൻ സ്വദേശികൾക്ക് പ്രത്യേക പിന്തുണയുമായി മംദാനി രംഗത്തെത്തി. “നിങ്ങൾ ഈ നഗരത്തിന്റെ അവിഭാജ്യ ഘടകമാണ്. നമ്മുടെ അയൽക്കാരായും തൊഴിലാളികളായും വിദ്യാർത്ഥികളായും കഴിയുന്ന നിങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കും,” അദ്ദേഹം കുറിച്ചു. ഇറാൻ വംശജരായ ചെറുകിട ബിസിനസ് ഉടമകൾക്കും കലാകാരന്മാർക്കും സാമൂഹിക നേതാക്കൾക്കും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം നഗരഭരണകൂടം ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















