‘പ്രിയം’ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടി ദീപ നായർ വീണ്ടും വാർത്തകളിൽ നിറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയ താരം നടൻ അജു വർഗീസിനെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പങ്കുവെച്ച രസകരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം വൈറലാകുന്നത്. ആറ്റുകാൽ പൊങ്കാല സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഓൺലൈൻ മാധ്യമങ്ങളോട് നടി മനസുതുറന്നത്.
‘‘പ്രിയം സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു. ഒരുപാട് പേര് വിളിക്കുമായിരുന്നു. അജു വർഗീസ് വരെ വിളിച്ചിട്ടുണ്ട്. അജു ഫോണിൽ വിളിക്കുമായിരുന്നു, ഞാൻ അജുവിനോട് സംസാരിച്ചിട്ടുണ്ട്. അജു ആ സമയത്ത് ചെറുതാണ്. ഞാൻ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ‘പ്രിയം’ സിനിമയിൽ അഭിനയിച്ചത്. അതിനു ശേഷം കോഴ്സ് പൂർത്തിയാക്കാൻ പോയി. കോഴ്സ് കഴിഞ്ഞപ്പോൾ പിന്നെ സിനിമാ ഓഫർ ഒന്നും വന്നില്ല. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഹിറ്റ് ആകാത്ത സിനിമകളിൽ അഭിനയിച്ചിട്ടും കാര്യമില്ലല്ലോ, ‘പ്രിയ’ത്തിലൂടെ കിട്ടിയ ഇഷ്ടം കൂടി പോകും. സ്ത്രീകൾക്ക് സിനിമയിൽ പിടിച്ചു നിൽക്കാൻ പാടാണ്. പിന്നീട് വിവാഹം കഴിഞ്ഞു ഇപ്പോൾ ഭർത്താവും കുട്ടികളുമായി ഓസ്‌ട്രേലിയയിൽ ആണ് താമസം.’’– ദീപ നായർ പറഞ്ഞു.
എൻജിനീയറിങ് പഠനകാലത്താണ് ദീപ ‘പ്രിയം’ സിനിമയിൽ അഭിനയിച്ചത്. സിനിമ സൂപ്പർഹിറ്റായെങ്കിലും പഠനം പൂർത്തിയാക്കുന്നതിനായി താരം വെള്ളിത്തിരയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്നു. എന്നാൽ കോഴ്സ് കഴിഞ്ഞെത്തിയപ്പോൾ പിന്നീട് നല്ല അവസരങ്ങൾ തേടി വന്നില്ലെന്നും താരം പറഞ്ഞു. അഭിനയത്തിലേക്ക് മടങ്ങിവരാത്തതിൽ നിരാശയില്ലെന്നും ആ സമയത്ത് പഠനത്തിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും ദീപ കൂട്ടിച്ചേർത്തു.
നേരത്തെ മുംബൈയിൽ വച്ച് അജുവിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം ദീപ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ‘‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാനീ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്.
മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ. ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാം.’’
നിലവിൽ സിനിമാ ലോകത്ത് നിന്ന് മാറി കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദീപ. ഭർത്താവിനും കുട്ടികൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരം, വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകർ തന്നെ തിരിച്ചറിയുന്നതിലും സ്നേഹിക്കുന്നതിലും വലിയ സന്തോഷമുണ്ടെന്ന് അറിയിച്ചു. ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനായി എത്തിയ ദീപയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
















