ഭക്ഷണം കഴിച്ചയുടനെ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർ ആണോ നിങ്ങൾ ?. എരിവു കൂടിയ ഭക്ഷണങ്ങളും വളരെ വൈകി ലഘുഭക്ഷണങ്ങൾ കഴിക്കുന്നതും സ്ട്രെസ്സും എല്ലാം ആസിഡ് റിഫ്ലക്സിനു കാരണമാകുന്നുണ്ട്. നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത് ഭക്ഷണം എത്ര കഴിച്ചു എന്നതിനെയല്ല, മറിച്ച് എന്തു കഴിച്ചു എന്നതിനനുസരിച്ചാണ്. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും. ആസിഡ് റിഫ്ലക്സ് അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കിയാലോ ?.
ഇഞ്ചി
വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ ഇഞ്ചി കഴിച്ചാൽ മതി. ഭക്ഷണശേഷം ഇഞ്ചിച്ചായ കുടിക്കുന്നതും സൂപ്പിലും മറ്റും ഇഞ്ചി അരിഞ്ഞു ചേർത്ത് കഴിക്കുന്നതും ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും നല്ലതാണ്.
തവിടു കളയാത്ത അരി
ബ്രൗൺ റൈസിൽ അടങ്ങിയ ഫൈബർ (നാരുകൾ) ദഹനം എളുപ്പമാക്കുന്നു. ഉദരപ്രശ്നങ്ങൾ ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്. ഈ അരിക്കൊപ്പം പരിപ്പോ പച്ചക്കറികളോ കഴിക്കാം.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് അമ്ലഗുണം കുറവുള്ള ഒന്നാണ്. ഇത് വേവിച്ച് കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് അകറ്റാൻ സഹായിക്കും.
വാഴപ്പഴം
മറ്റ് പഴങ്ങളിൽ നിന്നും വ്യത്യസ്തമാണ് വാഴപ്പഴം. ഇവയിൽ അമ്ലഗുണം കുറവാണ്. ഏതു സമയത്തും കഴിക്കാവുന്ന ലഘുഭക്ഷണമാണിത്. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന പഴം കൂടിയാണിത്.
















