പ്രതികാരം ഒരു മനുഷ്യനെ എത്രത്തോളം ക്രൂരനാക്കാം എന്ന ചോദ്യത്തിന് ഉത്തരമായി നമ്മുടെ മുന്നിൽ ഇന്ന് നിരവധി ചോരക്കറ പുരണ്ട കഥകളുണ്ട്. നിസ്സാരമായ തർക്കങ്ങൾ പോലും ജീവനെടുക്കുന്ന കൊലപാതകങ്ങളിലേക്ക് വഴിമാറുന്ന ഈ കാലഘട്ടത്തിൽ, ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ഒരു സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും നടുക്കുന്നതാണ്.
അമ്മയുടെ വേർപാടിന് ശേഷം തന്റെ മക്കൾക്ക് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച ഒരച്ഛൻ; ഒടുവിൽ സ്വന്തം മകന്റെ കൈകളാൽ തന്നെ അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള യാഥാർത്ഥ്യമാണ്. അമിതമായ സ്വത്ത് മോഹവും, പഠനത്തിന്റെ പേരിലുണ്ടായ അച്ചടക്ക നടപടികളോടുള്ള വെറുപ്പും ഒരു ഇരുപതുകാരനെ സ്വന്തം പിതാവിന്റെ ഘാതകനാക്കി മാറ്റി. 2026 ഫെബ്രുവരിയിൽ നടന്ന ഈ ക്രൂരകൃത്യം, ചോരബന്ധങ്ങളെപ്പോലും ഭയപ്പെടേണ്ടി വരുന്ന ഒരു സമൂഹത്തിന്റെ നേർചിത്രമാണ് കാട്ടിത്തരുന്നത്. സ്നേഹത്തിന് പകരം പകയും ക്രോധവും മനസ്സിൽ കുടിയിരുത്തുന്ന പുതുതലമുറയുടെ ചിന്താഗതി എത്രത്തോളം ഭയാനകമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
ലക്നൗവിലെ ആഷിയാന സെക്ടർ എല്ലിലെ 91-ാം നമ്പർ വീട്. നാലു നിലകളിലായി പടുത്തുയർത്തിയ, ഏകദേശം 25 കോടി രൂപ വിലമതിക്കുന്ന ആ കൊട്ടാരസദൃശമായ വീട്. ആ വീട്ടിലെ മൂന്നാം നിലയിൽ ആയിരുന്നു മൻവേന്ദ്ര സിംഗ് എന്ന അൻപതുകാരൻ താസിച്ചിരുന്നത്. അദ്ദേഹം മൂന്ന് മദ്യഷാപ്പുകളും നാല് പാത്തോളജി ലാബുകളുമുള്ള വലിയ ബുസിനെസ്സുകാരൻ ആയിരുന്നു. ഒൻപത് വർഷം മുൻപ് ഭാര്യ മരിച്ചതിനുശേഷം തന്റെ രണ്ടു മക്കൾക്കും വേണ്ടി ജീവിച്ച ഒരാൾ. മൂത്ത മകൻ അക്ഷത് പ്രതാപ് സിംഗ് 20 വയസ്സ് ബി.ബി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ് മകൾ കൃതി സിംഗിന് 17 വയസ്സ്. അവൾ പ്ലസ് ടുവിന് പഠിക്കുന്നു.
2026 ഫെബ്രുവരി 21-തിയതി. മൻവേന്ദ്രയുടെ സഹോദരൻ രഘു മൻവേന്ദ്രയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ആ കൊടും ചതി പുറത്തേക്ക് വന്നത്. വീട്ടിൽ എത്തി തിരക്കിയപ്പോ മകൻ അക്ഷത് “അച്ഛൻ ഡൽഹിയിൽ ഒരു കല്യാണത്തിന് പോയിരിക്കുകയാണ്, വൈകുന്നേരം എത്തും” എന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ വൈകുന്നേരമായിട്ടും മൻവേന്ദ്ര തിരിച്ചെത്തിയില്ല, ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ പരിഭ്രാന്തനായ രഘുവും അക്ഷതും ചേർന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 22-ന് അക്ഷത് തന്നെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി.
ഒരു ഹൈ-പ്രൊഫൈൽ കേസ് ആയതുകൊണ്ട് പോലീസ് ഗൗരവമായിത്തന്നെ അന്വേഷണം തുടങ്ങി. മൻവേന്ദ്രയുടെയും അക്ഷതിന്റെയും ഫോൺ ലൊക്കേഷനുകൾ പരിശോധിച്ചപ്പോൾ പോലീസിന് ചില സംശയങ്ങൾ തോന്നി. മൻവേന്ദ്രയുടെ ഫോൺ വീട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു കാട്ടുപ്രദേശത്ത് വെച്ചാണ് ഓഫ് ആയത്. അതേ സമയത്ത് തന്നെ അക്ഷതിന്റെ ഫോണും അവിടെയുണ്ടായിരുന്നു. പോലീസ് അക്ഷതിനെ ചോദ്യം ചെയ്തപ്പോൾ അവന്റെ മുഖത്ത് അച്ഛനെ കാണാതായതിന്റെ ഒരു വിഷമവുമില്ലായിരുന്നു, പകരം തികഞ്ഞ ലാഘവത്വം മാത്രം.
പോലീസ് അക്ഷതിനെ ആ കാട്ടുപ്രദേശത്ത് കൊണ്ടുപോയി ചോദ്യം ചെയ്തു. അവൻ ആദ്യം നിഷേധിച്ചെങ്കിലും, പോലീസിന്റെ രീതിയിലുള്ള ചോദ്യം ചെയ്യലിൽ അവൻ വിറച്ചുപോയി. ഒടുവിൽ ആ 20 വയസ്സുകാരൻ തന്റെ പിതാവിനെ കൊന്നു തള്ളിയ ആ ക്രൂരകഥ ലോകത്തോട് വിളിച്ചു പറഞ്ഞു.
മൻവേന്ദ്രയ്ക്ക് തന്റെ മകൻ ഒരു ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. അതിനായി നീറ്റ് പരീക്ഷയ്ക്കായി അവനെ വല്ലാതെ സമ്മർദ്ദത്തിലാക്കിയിരുന്നു. രണ്ടു മൂന്ന് തവണ തോറ്റിട്ടും വീണ്ടും നിർബന്ധിച്ചു. മകനാകട്ടെ ബിസിനസ്സിലായിരുന്നു താല്പര്യം. അച്ഛന്റെ പാത്തോളജി ലാബ് നിർത്തി അവിടെ ഒരു റെസ്റ്റോറന്റ് തുടങ്ങണമെന്ന് അവൻ ആഗ്രഹിച്ചു. എന്നാൽ മകൻ മദ്യത്തിലേക്കും മറ്റു ദുശീലങ്ങളിലേക്കും തിരിയുമോ എന്ന് പേടിച്ച മൻവേന്ദ്ര അവനെ വല്ലാതെ നിയന്ത്രിക്കുമായിരുന്നു. ഇതിനിടയിൽ വീട്ടിൽ നിന്ന് സ്വർണ്ണവും 50 ലക്ഷം രൂപയും അക്ഷത് മോഷ്ടിച്ചു. ഇതിനെച്ചൊല്ലിയും അച്ഛനും മകനും തമ്മിൽ വലിയ വഴക്കുണ്ടായി.
അങ്ങനെയിരിക്കെ ഫെബ്രുവരി 20-ന് പുലർച്ചെ 4:30-ന് അച്ഛൻ ഗാഢനിദ്രയിലായിരുന്നപ്പോൾ അക്ഷത് അച്ഛന്റെ തന്നെ ലൈസൻസുള്ള തോക്കെടുത്ത് തലയ്ക്ക് പിന്നിൽ വെടിവെച്ചു. ശബ്ദം കേട്ട് ഓടിവന്ന അനിയത്തി കൃതിയെ അവൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. “നീ ആരോടെങ്കിലും പറഞ്ഞാൽ നിന്നെയും കൊല്ലും” എന്നായിരുന്നു അവന്റെ താക്കീത്. പേടിച്ചുപോയ ആ പെൺകുട്ടി നിശബ്ദയായി.
തുടർന്ന് അക്ഷത് തന്റെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കി. അച്ഛന്റെ ശരീരം കഷ്ണങ്ങളാക്കി മുറിച്ചു. ഉടൽ ഒരു നീല ഡ്രമ്മിലാക്കി താഴത്തെ നിലയിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. കൈകാലുകളും മറ്റും കാട്ടിലും പലയിടങ്ങളിലുമായി ഉപേക്ഷിച്ചു. അച്ഛന്റെ ഫോണുകളും പലയിടങ്ങളിലായി ഉപേക്ഷിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൃതിയോട് ഒന്നും സംഭവിക്കാത്തതുപോലെ സ്കൂളിൽ പോകാൻ നിർബന്ധിച്ചു. അവനും സാധാരണപോലെ കോളേജിൽ പോയി.
പോലീസ് തിരച്ചിലിൽ നീല ഡ്രമ്മിനുള്ളിൽ നിന്ന് മൻവേന്ദ്രയുടെ ഉടലും കാട്ടിൽ നിന്ന് ശരീരഭാഗങ്ങളും കണ്ടെടുത്തു. സ്വന്തം അച്ഛനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയ അക്ഷത് ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. സ്വത്തിനും പണത്തിനുമായി അത്രയും നാൾ പൊന്നുപോലെ വളർത്തിയ അച്ഛനെ നിഷ്കരുണം ഇല്ലാതാക്കി അതും വെറും 20 വയസ്സുമാത്രം പ്രായമുള്ള മകൻ. ഇത്ര ചെറിയ പ്രായത്തിലെ കൊലപാതകം ചെയ്യാനോ ചെയ്തതിൽ പേടി ഇല്ലാത്തതും കൂടുതലും നമ്മുടെ നിയമവ്യവസ്ഥയോടെ ഭയമില്ലാത്തതാണ് കാരണം.
















