ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ്. ലാവന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി കൂടാതെ ഇവരോടൊപ്പം സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലിന്റെ ദൃശ്യം നിരോധിതമേഖലയിൽ പ്രവേശിച്ച് പകർത്താൻ ശ്രമിക്കവെയാണ് ഇവർ അറസ്റ്റിലായത്. മറൈൻഡ്രൈവിൽനിന്ന് ഒരു ബോട്ട് വാടകയ്‌ക്കെടുത്താണ് റിപ്പബ്ലിക് ടി.വി. റിപ്പോർട്ടറും ക്യാമറമാനും ഇറാൻ കപ്പലിന്റെ ദൃശ്യം പകർത്താനെത്തിയത്.
ഇവർ ചിത്രം പകർത്താൻ ശ്രമിക്കുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തു പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
















