കായംകുളത്തു യുവാക്കളെ മാരകായുധങ്ങളുമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയുമാണ് ഇവർ ആക്രമിച്ചത്.
മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വെച്ചാണ് സംഭവം നടക്കുന്നത്. ചായക്കടയുടെ മുന്നിൽ വെച്ച യുവാക്കളും പ്രതികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം യുവാക്കൾ തിരികെ അവർ താമസിക്കുന്ന ലോഡ്ജിൽ പോയി. ഇവർക്ക് പിന്നാലെ ലോഡ്ജിലേക്ക് എത്തിയ പ്രതികൾ യുവാക്കളെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
പ്രതികൾ ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. ഇവരെ കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ ഉള്ള സംഘം ആണ് പിടികൂടിയത്.
















