മലയാളത്തില്‍ വാര്‍ത്താ ചാനലുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഒടുവിലെത്തിയ ബിഗ് ടിവിയില്‍ അവതാരകരുടെ തള്ളിക്കയറ്റം ഉണ്ടായതോടെയാണ് ചാനലുകള്‍ തന്നെ വാര്‍ത്താ താരമായത്. അപ്പോഴേക്കും വാര്‍ത്തയേത്, വഴിപാടേത് എന്ന ആശയക്കുഴപ്പം ജനങ്ങള്‍ക്കും തോന്നിത്തുടങ്ങി. സോഷ്യല്‍ മീഡിയ നേരത്തേ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘മാപ്ര’ പട്ടം ചാര്‍ത്തി നല്‍കിയതു കൊണ്ട്, പഴയ ചാനലുകളേക്കാള്‍ അധികമൊന്നും പുതിയ ചാനലുകളില്‍ പ്രതീക്ഷിക്കേണ്ടെന്ന മുന്‍വിധിയോടെ കാര്യങ്ങള്‍ കണ്ടു. ഏകദേശം അതുപോലെയൊക്കെത്തന്നെ സംഭവങ്ങള്‍ നീങ്ങുന്നുണ്ടെന്നാണ് സൂചനകള്‍. ബിഗ് ടിവിക്കുള്ളിലെ പൊട്ടിത്തെറിയുടെ ശബ്ദങ്ങള്‍ പുറത്തു കേട്ടു തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍.
കോടികള്‍ മുടക്കി തുടങ്ങുന്ന ചാനലുകള്‍ ലേലം വിളിക്കുംപോലെ മാധ്യമ പ്രവര്‍ത്തകരെ വാങ്ങുന്ന സാഹചര്യം ഒരുക്കി എന്നല്ലാതെ, വാര്‍ത്തകളെല്ലാം പഴയതു തന്നെയാണ്. പുതിയ വാര്‍ത്ത എന്നത്, സങ്കല്പം മാത്രമാണ്. പുതിയ വാര്‍ത്ത എന്നൊന്നില്ല. പക്ഷെ, പഴ വാര്‍ത്തയെ എങ്ങനെ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു എന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ കഴിവ്. ആ കഴിവ് പ്രകടമാക്കുന്നത് ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും അവതരണ രീതിയെ ആശ്രയിച്ചിരിക്കും. അതിനാണ് മാനേജ്‌മെന്റ് അവരെ പ്രെമോട്ടു ചെയ്യുന്നതും. ഈ കഴിവിനാണ് വില നിശ്ചയിച്ച് പുതിയ ലാവണത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടു പോകുന്നത്.
കൊട്ടിഘോഷിച്ച് തുടങ്ങിയ ബിഗ് ടിവിയില്‍ കലാപാന്തരീക്ഷം ഉടലെടുത്തെന്നാണ് അറിയുന്നത്. അനില്‍ അയിരൂരിന്റെ ഇടപെടലില്‍ എഡിറ്റോറിയല്‍ തലപ്പത്ത് ഭിന്നതരൂക്ഷമാക്കിയിട്ടുണ്ട്. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും രണ്ട് എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ചാനല്‍ വിടാന്‍ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. ഇറങ്ങിപോന്ന ചാനലുകള്‍ തിരിച്ചെടുക്കാനുളള സാധ്യത കുറവായതിനാല്‍ എവിടേക്ക് മാറുമെന്നറിയാതെ ഇവര്‍ ആശങ്കയിലുമാണ്. ഉയര്‍ന്ന ശമ്പളം മോഹിച്ച് പോയവര്‍ ഇപ്പോള്‍ പെരുവഴിയില്‍ ആയ അവസ്ഥയാണ്. ഇതിനിടയില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ സീനിയറില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ച് സംസാരിക്കേണ്ട ഗതികേട് വരെ ഉണ്ടായിരിക്കുന്നു.
ചാനല്‍ മാനേജിങ്ങ് എഡിറ്ററും ഫൗണ്ടിങ്ങ് ഡയറക്ടറുമായ അനില്‍ അയിരൂരിന്റെ ഇടപെടലും എഡിറ്റോറിയല്‍ നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുന്ന പടലപ്പിണക്കങ്ങളുമാണ് കല്ലുകടിച്ചത് പോലെ ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിക്ക് വഴിവെച്ചിരിക്കുന്നത്. ഈ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകാനാവില്ലെന്ന തീരുമാനത്തിലേക്കെത്തിയ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും 2 എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ചാനല്‍ വിടാനുളള ശ്രമത്തിലാണ്. ഇരുവരും മറ്റൊരു സീനിയര്‍ വനിതാ മാധ്യമ പ്രവര്‍ത്തകയും ട്വന്റിഫോര്‍ ന്യൂസുമായി ചര്‍ച്ച നടത്തി എന്നാണ് പുറത്ത് വരുന്ന വിവരം. എഡിറ്റോറിയല്‍ തലപ്പത്തെ പ്രമുഖര്‍ മറ്റ് ലാവണം തേടുന്നുവെന്ന വിവരം പുറത്തായതോടെ താഴെയുളള ജീവനക്കാരും എങ്ങനെയെങ്കിലും ബിഗ് ടിവിയില്‍ നിന്ന് പുറത്തുകടക്കാനുളള ശ്രമത്തിലാണ്.
ഇറങ്ങിപോന്ന ചാനലുകള്‍ തിരിച്ചെടുക്കാനുളള സാധ്യത കുറവായതിനാല്‍ എവിടേക്ക് മാറുമെന്നതാണ് ബിഗ് ടിവി ജീവനക്കാര്‍ക്ക് മുന്നിലുളള വലിയ പ്രതിസന്ധി. മറ്റേതെങ്കിലും ചാനല്‍ വിളിച്ചാല്‍ തന്നെ ഇപ്പോഴത്തെ ശമ്പളം ലഭിക്കാനുളള സാധ്യതയുമില്ല. ഉയര്‍ന്ന ശമ്പളം മോഹിച്ച് സുസ്ഥിരമായി പ്രവര്‍ത്തിക്കുന്ന ചാനലുകളില്‍ നിന്ന് ബിഗ് ടിവിയിലേക്ക് ചേക്കേറിയവര്‍ ഇപ്പോള്‍ ശരിക്കും കൈയ്യുംകാലുമിട്ടടിക്കുന്ന അവസ്ഥയിലാണ്. നേരത്തെ വാങ്ങിക്കൊണ്ടിരുന്ന ശമ്പളത്തില്‍ ആയാലും മടങ്ങിവരാമെന്നാണ് പലരും പഴയ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വലിയ ഓഫര്‍ കണ്ട് പോയവരെ തിരിച്ചെടുത്താല്‍ പോകാതെ സ്ഥാപനത്തോടൊപ്പം നിന്ന ജീവനക്കാരോട് ചെയ്യുന്ന അനീതിയാകുമെന്നതിനാല്‍ മാനേജുമെന്റുകള്‍ കൈകൊടുക്കുന്നില്ല.
ട്വന്റി ഫോര്‍ ന്യൂസിന്റെ തലപ്പത്തെ സുഹൃത്തുക്കള്‍ വഴിയാണ് 2 എക്സിക്യൂട്ടീവ് എഡിറ്റര്‍മാരും മടങ്ങിവരാനുളള സാധ്യതകള്‍ ആരാഞ്ഞത്. ഇതില്‍ ഒരാള്‍ക്ക് മാതൃസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഇനി തിരിച്ചുചെല്ലാനാവില്ല. അതാണ് ബിഗ് ടിവിയില്‍ നിന്ന് മാറാന്‍ ട്വന്റിഫോര്‍ തിരഞ്ഞെടുത്തത്. രണ്ടാമന്‍ ട്വന്റിഫോറില്‍ നിന്നാണ് വലിയ ശമ്പളം മോഹിച്ച് ബിഗ് ടിവിയിലേക്ക് പോയത്. അതിനാല്‍ ഇയാളെ തിരിച്ച് എടുക്കാനാവില്ലെന്നാണ് ട്വന്റിഫോര്‍ മാനേജുമെന്റിന്റെ ഇപ്പോഴത്തെ തീരുമാനം. നോട്ടീസ് പിരീയഡ് പോലും പാലിക്കാതെ പെട്ടെന്ന് രാജിവെച്ച് പുറത്തിറങ്ങിയ ഇദ്ദേഹം, പീന്നീട് ചാനല്‍ തലപ്പത്തെ ചിലര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.
ട്വന്റിഫോറില്‍ സ്റ്റാര്‍ അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിന് കൂടുതല്‍ അവസരം കിട്ടുന്നതിലും ഇദ്ദേഹം പരാതി പറഞ്ഞിരുന്നു. ഇതൊക്കെ കൊണ്ടാണ് ഒരു കാലത്ത് ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തെ തിരിച്ചെടുക്കാതിരിക്കാന്‍ കാരണം. ഏഷ്യാനെറ്റില്‍ നിന്നും പോയ ഒന്നാമനെയും ട്വന്റിഫോര്‍ ന്യൂസില്‍ എടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ബിഗ് ടിവിയിലെ ശമ്പളം പോയിട്ട്, ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പളം പോലും നല്‍കാനാവില്ല എന്നതാണ് കാരണം. ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് പല ഇനങ്ങളിലായി 30 ലക്ഷം രൂപയോളം ശമ്പളം കിട്ടുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് ന്യൂസിലെ ശമ്പള സ്‌കെയിലിനേക്കാള്‍ കുറവാണ് ട്വന്റിഫോറില്‍.
രണ്ട് കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമാണ് ട്വന്റിഫോറില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മുന്‍നിര ചാനലുകളില്‍ നിന്ന് ആരെയും ഉള്‍ക്കൊളളാന്‍ ട്വന്റിഫോറിന് കഴിയില്ല. ബിഗ് ടിവിയുടെ എഡിറ്റോറിയല്‍ തലപ്പത്ത് അടിമുടി തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണെന്നാണ് പുറത്തുവരുന്ന വിവരം. ഓണ്‍സ്‌ക്രീനീല്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതാണ് 2 എക്സിക്യൂട്ടീവ് എഡിറ്റര്‍മാരുടെയും പ്രശ്‌നം. ഡസ്‌കില്‍ കാര്യമായ ഇടപെടലിന് അവസരം കിട്ടാത്തതും ഇരുവരെയും അലട്ടുന്നുണ്ട്. ബാലാരിഷ്ടതകള്‍ പിന്നിടാത്ത പ്രശ്മങ്ങളുമുണ്ട്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുവര്‍ക്കും ഒപ്പം വേണു ബാലകൃഷ്ണനെയും ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് പറഞ്ഞയിച്ചിരിക്കുകയാണ്. നിയമസഭാ മണ്ഡലങ്ങളിലൂടെയുളള യാത്രക്കായി ക്രമീകരിച്ചിരിക്കുന്ന ബിഗ് ബസിലാണ് ഇരുവര്‍ക്കും ഡ്യൂട്ടി.
രണ്ട് ബസുകളിലായി വെവ്വേറെ സഞ്ചരിക്കുന്ന ഇവരുടെ മുഖം കണ്ടാല്‍ തന്നെ സന്തോഷത്തിലല്ലെന്ന് ഏതാണ്ട് വ്യക്തമാണ്. സുജയ പാര്‍വതിക്കും ലക്ഷ്മി പത്മക്കും ഇടയിലും അവസരം ലഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നമുളളതായി പറയപ്പെടുന്നു. മണ്ഡലങ്ങളില്‍ ആദ്യം ലൈവ് നടത്താനെത്തിയ ലക്ഷ്മി പത്മ, സുജയയില്‍ നിന്ന് മൈക്ക് കിട്ടാതെ പിന്നാലെ നടക്കുന്നത് കാണാമായിരുന്നു. ഇടക്കൊക്കെ ഓരോ തഗ് അടിച്ചാണ് ലക്ഷ്മി പിടിച്ചു നിന്നിരുന്നത്. ചാനലിന്റെ ഫൗണ്ടര്‍ ഡയറക്ടറായ അനില്‍ അയിരൂരിന്റെ പ്രവര്‍ത്തന ശൈലിയാണ് ബിഗ് ടിവി ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി പടരുന്നതിന്റെ മുഖ്യകാരണം. റിപോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റൊ അഗസ്റ്റിനെ പോലെ ചാനല്‍ ചര്‍ച്ചയില്‍ കയറിയിരുന്ന് തുടങ്ങിയ അനില്‍ അയിരൂര്‍ വിദഗ്ധാഭിപ്രായങ്ങള്‍ എന്ന നിലയില്‍ തട്ടിവിടുന്നത് വിവരക്കേടാണെന്നാണ് ജീവനക്കാരുടെ പരിഹാസം.
ചാനലിന്റെ സാങ്കേതിക മേഖലയില്‍ മാത്രം പരിചയസമ്പത്തുളള അനില്‍ അയിരൂര്‍, വാര്‍ത്താ വിഷയങ്ങളില്‍ ആധികാരികമായ അഭിപ്രായങ്ങളാണ് പറയുന്നത്. അടുപ്പക്കാരായ ജീവനക്കാരുടെ പ്രവര്‍ത്തനവീഴ്ച ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ പേരില്‍ ഡസ്‌ക് ചീഫുമാരോട് അനില്‍ അയിരൂര്‍ മോശമായി സംസാരിച്ചതാണ് ബിഗ് ടിവിയില്‍ അതൃപ്തിക്ക് തുടക്കമിട്ടത്. നേരിട്ട് വിളിച്ച് ശാസിച്ചതിന് പുറമേ വാട്‌സാപ്പ് ഗ്രൂപ്പിലും അനില്‍ അയിരൂര്‍ സന്ദേശങ്ങള്‍ ഇട്ടതും മുതിര്‍ന്ന ജീവനക്കാരെ അടക്കം ആശങ്കയിലാക്കിയിരുന്നു. താഴെയുളള ജീവനക്കാരെ ശകാരിക്കാന്‍ പോകുന്നവരെ പിരിച്ചുവിടുമെന്നും പിരിച്ചുവിടുന്നതിന് പ്രശ്‌നമൊന്നുമില്ലെന്നും രണ്ട് മാസത്തെ ശമ്പളം തരണമെന്നേയുളളുവെന്നുമായിരുന്നു സന്ദേശം. ഇത് ന്യൂസ് ഡസ്‌കിലും ബ്യൂറോയിലും ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത ആഘാതമായി.
അതിന് പിന്നാലെ റിപോര്‍ട്ടര്‍മാര്‍ക്ക് നേരെയും സമാനമായ പ്രതികരണങ്ങള്‍ നടന്നു. ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്. കേരളത്തിലെ ചില ബാങ്കുകളെ വായ്പക്കായി സമീപിച്ചതാണ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വിവരം പുറത്തുവരാന്‍ കാരണം. മാനേജിങ്ങ് എഡിറ്റര്‍ക്കും അടുപ്പക്കാര്‍ക്കും എതിരെ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് എച്ച്.ആര്‍ മാനേജര്‍ രാജിവെച്ചതും ബിഗ് ടിവിയെ വാര്‍ത്തകളില്‍ എത്തിച്ചിരുന്നു. രാജിക്കത്തും അനില്‍ അയിരൂരിന്റെ മറുപടിയും എല്ലാം സ്‌ക്രീന്‍ഷോട്ടായി പുറത്തെത്തിയതും ചാനലില്‍ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നതിന്റെ തെളിവായി. ഈ പ്രതിസന്ധികളും പ്രശ്‌നങ്ങളും മറികടന്ന് മുന്നോട്ടുവരാനായില്ലെങ്കില്‍ ബിഗ് ടിവിയുടെ ഭാവി അവതാളത്തിലാകുമെന്നുറപ്പാണ്.
















