പ്രിയ സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ വികാരാധീനനായി കെ. സുധാകരൻ എംപി. അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശിന്റെ അനുസ്മരണ ചടങ്ങിലാണ് സുധാകരൻ വികാരഭരിതനായത്.
പതിവ് ശൈലിയിലുള്ള രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്നും സി.പി.എം വിരുദ്ധ നിലപാടുകളിൽ നിന്നും മാറി തികച്ചും വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ചാണ് സുധാകരൻ സംസാരിച്ചത്. “ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കാപ്പാടൻ രമേശിന്റെ കാവലാണ്,” എന്ന് സുധാകരൻ പറഞ്ഞപ്പോൾ സദസ്സും നിശബ്ദമായി. പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കാൻ ഉറച്ചുനിന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സുധാകരൻ ഓർത്തെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള താൽപ്പര്യം സുധാകരൻ പ്രകടിപ്പിച്ചിരുന്നെങ്കിലും, എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാട് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. പാർട്ടി നേതൃത്വവുമായി ഈ വിഷയത്തിൽ ഉടക്കി നിൽക്കുന്നതിനിടെയാണ് വൈകാരികമായ ഈ പ്രതികരണം ഉണ്ടാകുന്നത്. പ്രശ്നപരിഹാരത്തിനായി സുധാകരനെ കോൺഗ്രസ് നേതൃത്വം ചർച്ചയ്ക്കായി ദൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
















