ഉത്തർപ്രദേശിൽ 23 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കമലേഷ് ഭാരതി എന്നയാൾ മകൾ നേഹയെ അരിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്.
മകൾ നിരന്തരം ഒരു ആൺകുട്ടിയുമായി സംസാരിക്കാറുണ്ടായിരുന്നെന്നും ഇത് പലതവണ വിലക്കിയിരുന്നതായും കമലേഷ് പൊലീസിനോട് പറഞ്ഞു. സംഭവദിവസം നേഹ ഫോണിൽ സംസാരിക്കുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നതായി കമലേഷ് പറഞ്ഞു.
ആക്രമണത്തിന് ശേഷം കമലേഷും ഭാര്യയും ചേർന്ന് നേഹയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നേഹ കാൽ വഴുതി അരിവാളിൽ വീണതാണെന്നാണ് കുടുംബം ആശുപത്രി അധികൃതരെ അറിയിച്ചത്.
എന്നാൽ പരിക്കുകൾ കണ്ട ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
















