അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന, അദ്ദേഹം മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്നാണ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മലമ്പുഴ മണ്ഡലത്തില്‍ സുരേഷിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതുന്നത്.
‘ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. 25 വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്ന ആള്‍ ചങ്ക് തകര്‍ന്നാണ് ഇത് പറഞ്ഞത്. കേരളത്തിലുടനീളം സിപിഐഎമ്മില്‍ നടക്കുന്നതാണിത്. അമ്പലപ്പുഴയിലെ മുതിര്‍ന്ന നേതാവ്, പാലക്കാട് വി എസ് അച്യുതാനന്ദന്റെ സന്തതസഹചാരിയായ എ സുരേഷ്, സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ്. വിഎസ് മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന സുരേഷ് കോണ്‍ഗ്രസില്‍ ചേരുകയാണ്. ഡിസിസി പ്രസിഡന്റ് അംഗത്വം കൊടുക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും ചെയ്യും. ജി സുധാകരനോ എ സുരേഷോ പി കെ ശശിയോ കുഞ്ഞികൃഷ്ണനോ ഗോവിന്ദനോ മാത്രമല്ല, വിസ്മയങ്ങള്‍ ഇനിയുമുണ്ടാകും. സിപിഐഎം തകരുകയാണ്. ബംഗാളില്‍ 33 വര്‍ഷമെടുത്തു. ഇവിടെ 10 വര്‍ഷമേ എടുക്കുന്നുളളു. ഭരണം ഒരു പാര്‍ട്ടിയെ എത്രത്തോളം തകര്‍ത്തു എന്നതിന്റെ തെളിവാണിത്. മുഴുവന്‍ അഴിമതിയാണ്. പ്രധാനപ്പെട്ട നേതാക്കളാണ് അതൊക്കെ പറയുന്നത്’: വി ഡി സതീശന്‍ പറഞ്ഞു.
നേരത്തെ വി ഡി സതീശൻ നയിച്ച പുതുയുഗ യാത്ര പാലക്കാടെത്തിയപ്പോൾ എ സുരേഷ് പങ്കെടുത്തിരുന്നു. പതിമൂന്ന് കൊല്ലമായി താൻ അനുഭവിച്ച എല്ലാ വേദനകളും ഇന്നലെ അവസാനിച്ചെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നുവെന്നുമാണ് സുരേഷ് അന്ന് പറഞ്ഞത്. വി എസിന് നൽകിയ ക്യാപിറ്റൽ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇടതുപക്ഷ മൂല്യം കേരളത്തിൽ ഉയർത്തിപ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർ അസംതൃപ്തരാണെന്നും സുരേഷ് പറഞ്ഞിരുന്നു.
2013ൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാൽ ഇക്കാലയളവിലും താൻ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു.
















