ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ? വെറും റോസ്റ്റല്ല, ചുവന്നുള്ളി വഴറ്റി ചേർത്ത മലബാർ സ്റ്റൈലിലുള്ള ഉള്ളി ചിക്കൻ. ഒട്ടും തന്നെ വെള്ളം ചേർക്കാതെ തയ്യാറാക്കാം എന്നുള്ളതു കൊണ്ട് ഡ്രൈ റോസ്റ്റായി കിട്ടും. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളാണ് ഇതിന് ആവശ്യം.
ചേരുവകൾ
ചിക്കൻ- 1 കിലോ
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
ചുവന്നുള്ളി- 1 കപ്പ്
വറ്റൽമുളക്- 1/3 കപ്പ്
മുളകുപൊടി- 2 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
തേങ്ങ- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കാം, അത് ചെറിയ കഷ്ണങ്ങളാക്കാം. ചിക്കനിലേയ്ക്ക് ഉപ്പും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിച്ച് അര മണിക്കൂർ മാറ്റി വയ്ക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ചുവന്നുള്ളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർത്ത് വഴറ്റാം. ചുവന്നുളളിയുടെ നിറം മാറി വരുമ്പോൾ വറ്റൽമുളകും, തേങ്ങ കഷ്ണങ്ങളും ചേർത്തിളക്കാം.
ഇതിലേയ്ക്ക് മസാല പുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ഇട്ട് ഇളക്കി യോജിപ്പിക്കാം. ഒപ്പം ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർത്തോളൂ, അടച്ചു വച്ച് ഇത് വേവിക്കാം. വെള്ളം ചേർക്കേണ്ടതില്ല. ഇടയ്ക്ക് ഇളക്കി കൊടുക്കാം. ചിക്കൻ വെന്തതിനു ശേഷം അടുപ്പണയ്ക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം ഇത് കഴിക്കാം.
















