പിറവം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ആയി എത്തുന്നത് ജിബി അബ്രഹാമാണ്. ട്വന്റി 20യുടെ അമരക്കാരനായ സാബു എം ജേക്കബിന്റെ മനസാക്ഷി സൂക്ഷിപ്പ് കാരനും, ട്വന്റി 20പാർട്ടിയുടെ ആദ്യ മെമ്പർഷിപ്പുകാരനും, കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റും , തിരുവാണിയൂർ പഞ്ചായത്തിൽ ട്വന്റി 20യെ അധികാരത്തിൽ കയറ്റിയതിനു പിന്നിൽ ചുക്കാൻ പിടിച്ച പ്രവാസി വ്യവസായിയും , യാക്കോബായ സമുദായകരനുമായ ഡിഡി ഗ്രൂപ്പ് തിരുവാണിയൂരിന്റെ എംഡി യുമാണ് ജിബി അബ്രഹാം.
പിറവത്തിന്റെ മണ്ണിൽ ഗവൺമെന്റ് കോളേജ് മണിമലക്കുന്നിൽ പ്രീ ഡിഗ്രിയും, പിറവം മാർ കൂറിലോസ് കോളേജിൽ ഡിഗ്രിയും പഠിച്ച ജിബിക്കു പിറവുമായി അഭേദ്യമായ ബന്ധം ഉണ്ട്. ഭാര്യ വീട് കാക്കൂരിലും , പിതാവിന്റെ വീട് എടക്കാട്ടുവയലും ആണ് . ഇത്തവണ മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായി വികസനം മാത്രം ലക്ഷ്യമാക്കിയ പുതിയ പിറവത്തിനായി എൻഡിഎ പോരാട്ടത്തിനിറങ്ങുമ്പോൾ പരമ്പരാഗത രാഷ്ട്രീയം കണ്ടു മടുത്ത പിറവത്തുകാർക്ക് മാറാത്തത് മാറ്റുവാനുള്ള അവസരം വന്നു ചേർന്നിരിക്കുകയാണ്. മതി ഇനി ഈ എംഎൽഎ എന്ന് പറഞ്ഞു പ്രചാരണത്തിനിറങ്ങുന്ന എൻഡിഎ പിറവത്ത് മത്സരത്തിന്റെ തീ പാറുമെന്നു ഉറപ്പാണ്.
കൂടാതെ ഏറ്റുമാനൂരിലും തൃപ്പൂണിത്തുറയിലും എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ സിനിമാ സീരിയൽ താരം വീണ നായരും, തൃപ്പൂണിത്തുറയിൽ സിനിമാ താരം അഞ്ജലി നായരുമാണ് എൻഡിഎ മുന്നണിയിൽ ട്വന്റി 20പാർട്ടിക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്.
















