കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ വൻ ആയുധശേഖരം സായുധ സേന വിജയകരമായി തടഞ്ഞു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളുമാണ് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ശത്രുതാപരമായ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്ത് സൈന്യം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.
ആക്രമണശ്രമങ്ങളെ പ്രതിരോധിച്ചതിനെത്തുടർന്ന് വിവിധയിടങ്ങളിൽ വീണ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ ഊർജ്ജിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിലുള്ള ആറ് റിപ്പോർട്ടുകളാണ് മന്ത്രാലയം കൈകാര്യം ചെയ്തത്. ജനവാസ മേഖലകളിലും മറ്റും പതിച്ച അവശിഷ്ടങ്ങൾ ബോംബ് ഡിസ്പോസൽ സ്ക്വാഡ് എത്തി സുരക്ഷിതമായി നീക്കം ചെയ്തു.നിലവിലെ ആക്രമണ പരമ്പരകൾ തുടങ്ങിയത് മുതൽ കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഫോടകാവശിഷ്ടങ്ങളുടെ ആകെ എണ്ണം ഇതോടെ 403 ആയി ഉയർന്നു.
















