പശ്ചിമേഷന്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇരാന്റെയും ഇസ്രയേലിന്റെയും നേതാക്കളുടെ കൊലപാതകങ്ങള്‍ വലിയ ചര്‍ച്ചയാവുകയാണ്. ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി വലിയ പ്രചാരം നടക്കുകയാണ്. എന്നാല്‍, ഇറാന്‍ പരമോന്നത നേതാവ് നേരത്തെ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കുകയും ചെയ്തു. പകരം നേതാവിനെ നിയമിക്കുകയും ചെയ്തതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനിടയില്‍ കൊല്ലപ്പെടുന്ന സൈനികര്‍, സൈനിക മേധാവികള്‍ ആഭ്യന്തര നേതാക്കള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തേക്കു വരുന്നില്ല എന്നതാണ് പ്രത്യേകത. ഇപ്പള്‍ ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായി കണക്കാക്കപ്പെട്ടിരുന്ന ഘോലംരേസ സുലൈമാന്‍
കൊല്ലപ്പെട്ടിരിക്കുന്നു.
സംഭവം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഇറാനിലെ ബാസിജ് മിലീഷ്യ സേനയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്ന സുലൈമാനി ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആഭ്യന്തര സുരക്ഷാ ഘടനയില്‍ നിര്‍ണായക സ്ഥാനമേറ്റിരുന്ന അദ്ദേഹത്തിന്റെ മരണത്തെ ഇറാന്റെ ശക്തമായ സൈനിക സംഘടനയായ ഇസ്ലാമിക് റിവൊല്യൂഷനറി ഗാര്‍ഡ് കോര്‍പസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ജുഡീഷ്യറിയുമായി ബന്ധമുള്ള ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ഇതിനോടകം തന്നെ ഇസ്രായേലുമായും അമേരിക്കയുമായും സംഘര്‍ഷം ഉയര്‍ന്ന നിലയില്‍ തുടരുന്ന സമയത്ത് നടന്ന ഈ സംഭവം ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ ഈ ലക്ഷ്യമിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സുലൈമാനിയെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ അദ്ദേഹം മരണപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇറാന്റെ പ്രാദേശിക സ്വാധീനത്തെയും സൈനിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളിലൊന്നായാണ് ഈ ആക്രമണം നടന്നതെന്ന വിലയിരുത്തലാണ് ചില അന്താരാഷ്ട്ര നിരീക്ഷകര്‍ നടത്തുന്നത്. അതേസമയം, സുലൈമാനിയുടെ മരണത്തെ ”രക്തസാക്ഷിത്വം” എന്ന് വിശേഷിപ്പിച്ച ഇറാനിലെ ബസിജ് സേന ശക്തമായ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
- ആരാണ് ഘോലംരേസ സുലൈമാന്‍ ?
ബാസിജ് സേനയുടെ തലവനെന്ന നിലയില്‍ സുലൈമാനിയുടെ പങ്ക് ഏറെ വിവാദങ്ങളോടെയാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഐ.ആര്‍.ജിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് അംഗങ്ങളുള്ള സന്നദ്ധ സേനയായ ബാസിജ്, ഇറാനിലെ ആഭ്യന്തര സുരക്ഷാ സംവിധാനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ശക്തമായ ഘടകമാണ്. രാജ്യത്തുടനീളം ഉയരുന്ന രാഷ്ട്രീയ വിയോജിപ്പുകളും സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തുന്നതില്‍ ബാസിജ് സേന പ്രധാന പങ്ക് വഹിച്ചുവെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. പ്രത്യേകിച്ച് 2009ലെ വിവാദ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനിലുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സുലൈമാനിയുടെ നേതൃത്വത്തിലുള്ള സേന പങ്കെടുത്തുവെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും 2021ല്‍ അദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
പിന്നീട് 2022ല്‍ യുവതി മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട വ്യാപകമായ പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നതിലും ബാസിജ് സേനയുടെ പങ്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. നിരവധി മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പ്രധാന സൈനിക നേതാക്കളിലൊരാളായിരുന്നു സുലൈമാനി. അതിനാല്‍ തന്നെ ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും സുരക്ഷാ സംവിധാനത്തിലും അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു.
സുലൈമാനിയുടെ ജീവിതയാത്രയും ഇറാന്റെ സൈനിക-രാഷ്ട്രീയ ഘടനയുമായി അടുത്ത് ബന്ധപ്പെട്ടതായിരുന്നു. 1964-ല്‍ ഇറാനിലെ ചാഹര്‍മഹല്‍-ബക്തിയാരി പ്രവിശ്യയിലെ ഫര്‍സാന്‍ പ്രദേശത്ത് ജനിച്ച അദ്ദേഹം യുവാവായിരിക്കുമ്പോള്‍ തന്നെ വിപ്ലവാനന്തര ഇറാന്റെ സൈനിക ഘടനയിലേക്ക് പ്രവേശിച്ചു. 1984ല്‍ നടന്ന ഇറാന്‍ -ഇറാഖ് യുദ്ധ കാലഘട്ടത്തിലാണ് അദ്ദേഹം ആദ്യമായി ബാസിജ് സേനയില്‍ സന്നദ്ധപ്രവര്‍ത്തകനായി ചേര്‍ന്നത്. യുദ്ധകാലത്ത് നിരവധി പ്രധാന സൈനിക ഓപ്പറേഷനുകളില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് വിവിധ പദവികളിലൂടെ ഉയര്‍ന്ന് സൈനിക രംഗത്ത് സ്വാധീനമുള്ള നേതാവായി മാറി. ദീര്‍ഘകാല സൈനിക സേവനത്തിന്റെയും വിശ്വാസ്യതയുടെയും അടിസ്ഥാനത്തിലാണ് 2019ല്‍ അദ്ദേഹത്തെ ബാസിജ് സേനയുടെ കമാന്‍ഡറായി നിയമിച്ചത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ കടുപ്പിക്കുന്ന സമയത്താണ് സുലൈമാനി കൊല്ലപ്പെട്ടിരിക്കുന്നത്. ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അതിന് മറുപടിയായി ഇസ്രയേല്‍ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ സംഭവം പുതിയ സുരക്ഷാ പ്രതിസന്ധികള്‍ക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.
















