കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണ് കോൺഗ്രസിലെ ശേഷിക്കുന്ന സ്ഥാനാർഥി പട്ടികയിലെ ചർച്ച നീണ്ടത്.
ബുധൻ വൈകിട്ടോടെ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു.
കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം വ്യാഴം പുലർച്ചെ 2.15 വരെ നീണ്ടു.
എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റിൽ ചർച്ച തുടരും. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ചർച്ച പൂർത്തിയാക്കി കെപിസിസി അധ്യക്ഷൻ നാട്ടിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലേക്ക് മടങ്ങി.
















