നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം ഒന്നാകെ വീഴുമ്പോള്‍ ചില മണ്ഡലങ്ങള്‍ നോട്ടപ്പുള്ളികളാകും. ആ മണ്ഡലത്തിലെ രാഷ്ട്രീയക്കരുത്താണ് കേരളമാകെ പ്രതിഫലിക്കുകയും ചെയ്യുന്നത്. അങ്ങനെ രണ്ടു മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ നേമവും വട്ടിയൂര്‍ക്കാവും. ഈ രണ്ടുമണ്ഡലങ്ങളുടെയും രാഷ്ട്രീയ ചരിത്രം തന്നെ ഇടതു വലത് കക്ഷികളെ ആശ്രയിച്ചായിരുന്നു ഇതുവരെയും. ഇനി എന്താകുമെന്ന് കണ്ടുതന്നെ അറിയണം. ഉള്ളതില്‍ നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഈ മണ്ഡലങ്ങളില്‍ മുന്നണികള്‍ തയ്യാറായിട്ടുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവില്‍, നിലവിലെ എം.എല്‍.എ വി.കെ. പ്രശാന്ത് തന്നെയാണ് എല്‍.ഡി.എഫിനു വേണ്ടി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തന്നെ ഇത്തവണയും ഇറങ്ങട്ടേയെന്ന സി.പി.എം തീരുമാനമാണ് പ്രശാന്തിന് തുണയായത്.
എന്നാല്‍, മണ്ഡലം പിടിക്കാനിറങ്ങുന്നത് യു.ഡി.എപില്‍ നിന്നും കെ. കരുണാകരന്‍ മകന്‍ കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവ് മുന്‍ എം.എള്‍.എ എന്ന ഖ്യാതിയും മുരളീധരന് കൂട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മണ്ഡലത്തിന്റെയും സ്വന്തം നേതാവെന്ന ലേബലും ഇദ്ദേഹത്തിനുണ്ട്. കേരളത്തില്‍ എവിടെ ഏതു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ് കണ്ടെത്തുന്ന ഏക നേതാവു കൂടിയാണ് കെ. മുരളീധരന്‍. വട്ടിയൂര്‍ക്കാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചാണ് വടകരയില്‍ എം.പിയായി മത്സരിച്ചത്. അവിടുന്ന് നേമത്ത് മത്സരിക്കാനെത്തി. പിന്നെ തൃശൂരിലും മത്സരിക്കാന്‍ നിന്നു. പരാജയപ്പെട്ടാലും വിജയിച്ചാലും മത്സരത്തെ മത്സരമായി കാണുന്ന നേതാവെന്ന പ്രത്യേകതയാണ് മുരളീധരനെ വ്യത്യസ്തനാക്കുന്നത്. പ്രശാന്തില്‍ നിന്നും മുരളീധരനിലേക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ദൂരം അധികമില്ല എന്നര്‍ത്ഥം.
ബി.ജെ.പിയാണ് ഇവരെ ഞെട്ടിക്കാന്‍ സാധ്യതയുമായി രംഗത്തു സജീവമായി നില്‍ക്കുന്നത്. പ്രശംസകളും പ്രത്യേകതകളും നിരവധിയുള്ള സ്ഥാനാര്‍ത്ഥിയാണ് ബി.ജെ.പിക്കു വേണ്ടി വട്ടിയൂര്‍ക്കാവില്‍ ഇറങ്ങുന്നത്. ശാസ്തമംഗലം കൗണ്‍സിലര്‍ കൂടിയായ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഐ.പി.എസ്. തിരുവനന്തപുരത്തെ മേയറാകും എന്ന് അവസാന നിമിഷം വരെ വിശ്വസിച്ചിരുന്ന ശാസ്തമംഗലം വാര്‍ഡിലെ വോട്ടര്‍മാരും ശ്രീലേഖയും സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടലിലായിരുന്നു. ആഞെട്ടലില്‍ നിന്നു മുക്തമായത് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ്. ഇപ്പോള്‍ നിരശയെ ആശാവഹമായ കാഴ്ചപ്പാടാക്കി മാറ്റിക്കൊണ്ടാണ് ശ്രീലേഖ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പടിപ്പടിയായി ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ടിംഗ് ശതമാനം മുതല്‍, മണ്ഡലത്തിലെ വോട്ടര്‍മാരുടെ മാറ്റവും ബി.ജെ.പിയെ തുണയക്കുമെന്നാണ് കരുതുന്നത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തെ കൂട്ടുപിടിച്ചുള്ള നീക്കമാണ് ബി.ജെ.പിയും ശ്രീലേഖയും ഇവിടെ നടത്തുന്നത്.
മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും, കേരളത്തിലെ ഇടതു വലത് പാര്‍ട്ടികളുടെ രാഷ്ട്രീയമായ പൊള്ളത്തരവും തുറന്നു കാട്ടിയും പ്രാചരണം തുടങ്ങിക്കഴിഞ്ഞു. വട്ടിയൂര്‍ക്കാവ് കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റുന്നതു പോലും ഇതുകൊണ്ടാണ്. വി.കെ. പ്രശാന്ത് മുന്‍ മേയറായിരുന്ന വ്യക്തിയാണ്. മേയര്‍ പദവി രാജിവെച്ചാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചത്. ശ്രീലേഖ ഐപി.എസ്. നിലവില്‍ കൗണ്‍സിലര്‍ ആണ്. നഗരസഭയുടെ ചിട്ടവട്ടങ്ങളറിയുന്ന രണ്ടു പേരെന്ന നിലയില്‍ ഇവര്‍ തമ്മിലൊരു മത്സരം ഉണ്ടാകും. പ്രശാന്ത് നിലവിലെ എം.എല്‍.എയാണ്. കെ. മുരളീധരന്‍ മുന്‍ എം.എല്‍.എയാണ്. ഇതിലൂടെ ഇഴര്‍ തമ്മില്‍ മറ്റൊരു ശക്തി പരീക്ഷണം നടക്കും. ഇങ്ങനെ ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും പ്രചാരണം മുതല്‍ വോട്ടെടുപ്പു ദിവസം വരെയും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
ഇതിനിടയില്‍ പ്രാചരണ പ്രവര്‍ത്തനങ്ങളുടെ ഉള്ളില്‍ വ്യക്തി ഹത്യകലും നടക്കാനിടയുണ്ട്. ശ്രീലേഖയുടെ ഐപി.എസ് ഉപയോഗം മുതല്‍ വി.കെ. പ്രശാന്ത് കൗണ്‍സിലറുടെ ഓഫീസ് കൈയ്യേറിയതു വരെയും മുരളീധരന്റെ സഹോദരി ബി.ജെ.പിയില്‍ ചേക്കേറയതു മുതല്‍ നേമത്തും, തൃശൂരും തോറ്റു തുന്നംപാടിയതുമെല്ലാം വലിച്ചു പുറത്തിട്ടുള്ള പര്ചാരണ തന്ത്രങ്ങളാകും നടത്തുക. എങ്ങനെയൊക്കെ പ്രചാരണം നടത്തി മുന്നിലോ പിന്നിലോ എത്തിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. വട്ടിയൂര്‍ക്കാവിന്റെ മനസ്സില്‍ തൊടാനുള്ള യാത്രയാണ് ഈ മൂന്നു സ്ഥാനാര്‍ത്ഥികളും നടത്തുന്നതെന്നു വ്യക്തം. അതിനു വേണ്ടി ഏതൊക്കെ വഴികള്‍ ഉഫയോഗിക്കുമെന്നതാണ് കാണേണ്ടത്.
















