റഷ്യയുമായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി കൃത്യമായ സമയക്രമം നിശ്ചയിക്കാൻ യുക്രെയ്ൻ പ്രതിനിധികൾ സമ്മർദം ചെലുത്തുമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ഇറാനെതിരെയുള്ള യുഎസ് – ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചർച്ചകൾക്ക് വ്യക്തമായ തീയതികൾ, കുറഞ്ഞത് ഏകദേശ തീയതികളെങ്കിലും വേണമെന്ന് യുക്രെയ്ൻ ആഗ്രഹിക്കുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം, അതായത് യുദ്ധം, ഈ തീയതി നീട്ടിവയ്ക്കുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം- സെലെൻസ്‌കി പറഞ്ഞു.
നാലു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കായി യുക്രെയ്ൻ പ്രതിനിധികൾ ശനിയാഴ്ച അമേരിക്കയിൽ എത്തും. ഇതിനു മുന്നോടിയായാണ് സെലെൻസ്‌കിയുടെ പരാമർശം.
















