ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2’ വിനെതിരെ രൂക്ഷവിമർശനവുമായി നടിയും മുൻ കോൺഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന. ചിത്രം ഒരു ‘സഹനപരീക്ഷ’ ആണെന്നും പ്രതീക്ഷയോടെ എത്തിയ പ്രേക്ഷകരെ നിരാശയുടെ അഗാധതയിലേക്ക് തള്ളിയിടുകയാണ് ചിത്രം ചെയ്യുന്നതെന്നും താരം തുറന്നടിച്ചു. വെറുമൊരു സിനിമാ നിരൂപണമെന്നതിലുപരി, ചിത്രത്തിലെ അമിതമായ അക്രമം, യുക്തിയില്ലാത്ത തിരക്കഥ, സംവിധായകന്റെ രാഷ്ട്രീയ നിലപാടുകൾ എന്നിവയെ ഓരോന്നായി വിചാരണ ചെയ്യുന്നതായിരുന്നു നടിയുടെ പ്രതികരണം.
ദിവ്യ സ്‌പന്ദനയുടെ കുറിപ്പ്:
‘‘ഇപ്പോൾ ‘ധുരന്ധർ 2’ കണ്ടു കഴിഞ്ഞതേയുള്ളൂ. കൊള്ളാം! പ്രതീക്ഷാനിർഭരമായ ഒന്നിനെ എങ്ങനെ ഒരു സഹനപരീക്ഷയാക്കി മാറ്റാം എന്നതിന്റെ ഉത്തമ പാഠപുസ്തകം! ഏറ്റവും വിരസമായ ഒരു വിഷയത്തെക്കുറിച്ചുള്ള, ഒരിക്കലും അവസാനിക്കാത്ത അധ്യായങ്ങളുള്ള ഒരു പുസ്തകം വായിക്കുന്നത് പോലെയാണിത്. ഒരു ഘട്ടത്തിൽ നിങ്ങളുടെ മസ്തിഷ്കം പണി നിർത്തുകയും, മുന്നിൽ അരങ്ങേറുന്ന ഈ ക്രൂരത കണ്ട് നിരാശ മൂത്ത് അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങുകയും ചെയ്യും.
നിങ്ങൾക്ക് ഇത് കാണണമെന്ന് അത്ര നിർബന്ധമാണെങ്കിൽ, സ്വയം ഒരു ഉപകാരം ചെയ്യുക- തിയറ്ററിൽ പോയി സമയവും പണവും പാഴാക്കരുത്. ഇത് കൃത്യമായും ‘കാണുക, പകുതിക്ക് നിർത്തുക, ഫോണിൽ നോക്കുക, സ്വന്തം ജീവിതത്തിലെ തീരുമാനങ്ങളെ ശപിക്കുക’ എന്ന ഗണത്തിൽപ്പെട്ട ഒന്നാണ്. ഒരു ക്ലിക്കിലൂടെ രക്ഷപ്പെടാൻ വഴിയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഇതിന് അനുയോജ്യം.
സംവിധാനം, സംഭാഷണങ്ങൾ, എഡിറ്റിങ്, പശ്ചാത്തല സംഗീതം, അഭിനയം – എല്ലാം ഒന്നിനൊന്ന് നിലവാരമില്ലാത്തവ. മാർച്ച് 19-ന്റെ ഡെഡ്‌ലൈൻ അടുത്തു വരുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിഞ്ഞിരുന്നില്ലേ എന്ന് തോന്നിപ്പോകും. അതല്ലെങ്കിൽ, ഇത്രയും മോശമായിട്ടും ‘ഇത് ഗംഭീരമാണ്, വിട്ടോളൂ’ എന്ന് അവർ കരുതിയിട്ടുണ്ടാകണം.
‘ധുരന്ധർ’ ഒന്നാം ഭാഗത്തിൽ പ്രേക്ഷകർ ആവേശത്തിലായിരുന്നു; അവിടെ ആരവങ്ങളും കയ്യടികളുമുണ്ടായിരുന്നു. എന്നാൽ ഇതിൽ, പ്രേക്ഷകർ പൂർണമായും നിശബ്ദരാണ്. ആ തിയറ്ററിലെ തിങ്ങിനിറഞ്ഞ നിരാശ തൊട്ടറിയാമായിരുന്നു. പിന്നെ, രൺവീർ ആണ് ഈ സിനിമയെ താങ്ങുന്നത് എന്ന് പറയുന്നവരോട് – സത്യത്തിൽ അയാൾ എന്താണ് താങ്ങുന്നത്? എനിക്ക് അവിടെ കാണാൻ സാധിച്ചത് അയാളുടെ മുടി മാത്രമാണ്! ഒന്നാം ഭാഗത്തിൽ ആ മുടിക്ക് പോലും ഒരു വ്യക്തിത്വവും ഭാവവുമുണ്ടായിരുന്നു. ഇതിലാകട്ടെ, എല്ലാ ദൃശ്യങ്ങളെയും മറച്ചുകൊണ്ട് അത് അവിടെ തടസ്സമായി നിൽക്കുന്നു. ഒരുപക്ഷേ മികച്ച സഹനടനുള്ള പുരസ്കാരത്തിന് ആ മുടി അർഹമായേക്കാം.
പിന്നെ ആ വയലൻസ്!!! ഇതൊരു സിനിമയല്ല, മറിച്ച് ചുറ്റുമുള്ള എന്തിനെയും എങ്ങനെ മാരകായുധമാക്കാം എന്നതിന്റെ ഒരു ദൃശ്യപാഠാവലിയാണ്. സിറിഞ്ച്, സ്പാനർ, കത്തികൾ, മുൾപ്പന്തുകൾ, വെട്ടുകത്തികൾ, ചങ്ങലകൾ, തോക്കുകൾ, ബോംബുകൾ, ബസൂക്കകൾ – അവർ ഒന്നും ബാക്കിവച്ചിട്ടില്ല.
സംവിധായകൻ തന്നോട് തന്നെ മത്സരത്തിലാണെന്ന് തോന്നും: ‘അടുത്ത രംഗം എങ്ങനെ ഇതിലും ഭീകരമാക്കാം?’ എന്ന്. ഒടുവിൽ ആ അക്രമം കണ്ട് പേടി മാറുകയും ചിരി വരികയും ചെയ്യുന്ന അവസ്ഥയിലെത്തും. ഒരാളുടെ രണ്ട് കാലുകളും മുറിച്ചുമാറ്റി, ഉടൽ മണ്ണെണ്ണയിൽ മുക്കിയാൽ പോലും, അയാൾ ഒരു ടെഡ് ടോക്ക് നടത്തുന്ന ലാഘവത്തോടെ സംഭാഷണങ്ങൾ കാച്ചുകയാണ്. മെഡിക്കൽ സയൻസ് സിന്ദാബാദ്! ഓസ്കർ അല്ല, ഇവർക്ക് നോബൽ സമ്മാനമാണ് നൽകേണ്ടത്. ചുരുക്കത്തിൽ ‘ധുരന്ധർ 2’ ഒരു വൻ പരാജയമാണ്. ഒന്നാം ഭാഗം നിങ്ങളെ ആവേശം കൊള്ളിച്ചുവെങ്കിൽ, രണ്ടാം ഭാഗം നിങ്ങളെക്കൊണ്ട് ചിന്തിപ്പിക്കും -‘എന്തിനായിരുന്നു ഇങ്ങനെയൊന്ന്?’
രൺവീർ, നിങ്ങൾ ഇതിലും മികച്ചതിന് അർഹനാണ്. ആദിത്യ ധർ – ഈ അന്ധമായ ദേശസ്നേഹവും പ്രചാരണ തന്ത്രങ്ങളും ഒക്കെ പഴഞ്ചനായിരിക്കുന്നു. അതിൽ നിന്നും ദയവായി പുറത്തുവരൂ.’’
















