മലയാള സിനിമാ വ്യവസായത്തെ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പറിച്ചുനട്ട ലാൽ മീഡിയ എന്ന പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോയുടെ അനുഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ലാൽ. ലാൽ മീഡിയ മാറ്റത്തിന് വിത്തുപാകിയ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ ഒന്നാണ് 2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ സിനിമയെന്ന് ലാൽ പറഞ്ഞു. ലാൽ മീഡിയയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് ലാൽ മനസ്സ് തുറന്നത്.
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലാണ് ഞാനും സിദ്ദീഖും ആദ്യമായി ഫാസിൽ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ കഴിഞ്ഞ് ഡബ്ബിങ് ഘട്ടമെത്തി. തിരുവനന്തപുരം ചിത്രഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ഡബ്ബിങ്. അന്ന് ചിത്രഞ്ജലിയിൽ വലിയ തിരക്കാണ്. ഡബ്ബിങ്ങിന് ഒരു സ്ലോട്ട് കിട്ടാൻ കാത്തിരിക്കണം. ഇത്രയും ഡിമാൻഡുള്ള മേഖല എന്ന രീതിയിൽ അതിനോട് ഒരു കൊതി തോന്നിയിരുന്നു. ഡബ്ബിങ്ങിന് കൺസോളിൽ ഇരിക്കുക സംവിധായകനാണ്. കെ പി ഉമ്മറിന്റെ ഡബ്ബിങ് വന്ന ദിവസം ഫാസിൽ സാറിന് എന്തോ ഒരു തിരക്ക്. അദ്ദേഹം, ഞങ്ങളെ ആ പണി ഏൽപിച്ചു.
അന്ന് ഞങ്ങൾ മിമിക്രിയിലൊക്കെ സജീവമായിരുന്ന കാലമായിരുന്നല്ലോ. സിദ്ദീഖ് അന്ന് കെ.പി.ഉമ്മറിനെ അനുകരിക്കുമായിരുന്നു. അക്കാര്യം സുകുമാരി ചേച്ചി ഉമ്മർ ഇക്കായോട് പറഞ്ഞു. അദ്ദേഹത്തിന് അതിനോട് വലിയ താൽപര്യം തോന്നിയില്ല. ഇങ്ങനെയൊരു കാര്യം നടന്നതുകൊണ്ട് ഉമ്മർ ഇക്ക ഡബ്ബ് ചെയ്യാൻ വരുമ്പോൾ കൺസോളിൽ സിദ്ദീഖ് ഇരിക്കില്ലെന്നു പറഞ്ഞു. അങ്ങനെ ആ ഉത്തരവാദിത്തം എന്റെ ചുമലിൽ വന്നു. അടുത്ത ദിവസം ഉമ്മർ ഇക്ക ഡബ്ബ് ചെയ്തത് ഫാസിൽ സർ കേട്ടുനോക്കി. അതു ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. കൺസോളിൽ ഇരുന്നത് ഞാനാണെന്ന് അറിഞ്ഞപ്പോൾ പ്രത്യേകമായി അഭിനന്ദിച്ചു. അതാണ് എനിക്ക് ലഭിക്കുന്ന ആദ്യ അംഗീകാരം. അപ്പോഴാണ്, ‘ഈ മേഖല കൊള്ളാമല്ലോ’ എന്നു തോന്നിയത്.
ചെന്നൈയിലും തിരുവനന്തപുരത്തെ ചിത്രഞ്ജലിയിലുമൊക്കെ പോസ്റ്റ് പ്രൊഡക്ഷനായി വലിയ തിരക്കുകൾ അനുഭവപ്പെട്ടിരുന്ന കാലത്താണ് കൊച്ചിയിൽ സ്വന്തമായി ഒരു സ്റ്റുഡിയോ എന്ന ചിന്ത മനസ്സിലേക്ക് വരുന്നത് കൊച്ചിയിൽ ഒരു പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യം വന്നാൽ മലയാള സിനിമാക്കാർക്ക് അത് എത്രയോ ആശ്വാസമാകുമെന്ന് തോന്നി. അങ്ങനെയാണ് കലൂരിൽ ഒരു വാടകക്കെട്ടിടമെടുത്ത് ലാൽ മീഡിയയ്ക്ക് തറക്കല്ലിടുന്നത്.
കലൂരാണ് തുടങ്ങുന്നത്. ഉദ്ഘാടനം ചെയ്തത് കലാഭവന്റെ ആബേലച്ചനായിരുന്നു. അന്ന് എന്റെ മനസ്സിൽ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റുഡിയോയുടെ മുൻപിൽ ഒരു മാവുണ്ടാകണം. അത് എന്റെയൊരു വീക്ക്നെസ് ആയിരുന്നു. അന്ന് സ്റ്റുഡിയോ നിൽക്കുന്ന സ്ഥലത്ത് മാവില്ല. എതിർവശത്തുള്ള കെട്ടിടത്തിന് മുൻപിൽ മാവുണ്ട്. ആ കെട്ടിടം ഓഫിസ് ആയി ഉപയോഗിക്കാമെന്നു പറഞ്ഞ് അതും കൂടി എടുത്തു. അങ്ങനെയായിരുന്നു തുടക്കം. തുടക്കത്തിൽ വലിയ സാങ്കേതിക വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നിറഞ്ഞതായിരുന്നു വഴികൾ. സീരിയലുകൾ ഡബ്ബ് ചെയ്തുകൊണ്ടായിരുന്നു ലാൽ മീഡിയയുടെ തുടക്കം. എനിക്ക് സ്റ്റുഡിയോയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ ഒന്നും തന്നെ അറിയില്ല. അതെല്ലാം കൈകാര്യം ചെയ്തിരുന്നത് ലാൽ മീഡിയ ആരംഭിക്കുമ്പോൾ കൂടെക്കൂട്ടിയ വിനോദ് എന്ന ഓഡിയോ എൻജിനീർ ആയിരുന്നു.
തോന്നിയത്.

















