തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇ-മെയിൽ സന്ദേശത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ കണ്ടെത്തിയത് വൻ വിവാദമാകുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ സംഭവം കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം ആരോപിച്ചു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം തങ്ങളുടെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പരിഹസിച്ചു. “നിയന്ത്രിക്കുന്നത് ഒരാളാണെങ്കിലും കുറഞ്ഞപക്ഷം ഈ രണ്ട് ഓഫീസുകളും വെവ്വേറെയാണെന്ന മര്യാദയെങ്കിലും കാണിക്കണ്ടേ? സീലുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്ന അവസ്ഥയാണിപ്പോൾ,” എന്ന് സിപിഎം കുറ്റപ്പെടുത്തി.
വോട്ടിങ് യന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു ‘യാദൃശ്ചികത’ മാത്രമാകാം കമ്മീഷന്റെ കത്തിലെ ബിജെപി സീലെന്നും സിപിഎം പരിഹാസരൂപേണ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കുന്ന ഇത്തരം നടപടികൾ ആരെങ്കിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും പാർട്ടി ഓർമ്മിപ്പിച്ചു.
സിപിഎമ്മിന് മാത്രമല്ല, മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 2019-ലെ ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്. എന്നാൽ ഇത് കേവലം ഒരു ക്ലെറിക്കൽ പിഴവ് മാത്രമാണെന്നും സാങ്കേതികമായി സംഭവിച്ച തെറ്റ് തിരുത്തിയിട്ടുണ്ടെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം.
















