കണ്ണൂർ കൂത്തുപറമ്പിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കോളയാട് മെട്ടയിലെ രാഹുൽ (31), മുഴക്കുന്ന് പാലാപ്പള്ളി സ്വദേശി പി. ജിതിൻ (30) എന്നിവരെയാണ് കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസറായ ചെറുവാഞ്ചേരി സ്വദേശി യു.പി. അർജുന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചെറുവാഞ്ചേരി പൂവത്തൂരിൽ ആണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ച്, നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ എത്തിയ പ്രതികൾ വീടിനു നേരെ ബോംബ് എറിയുകയായിരുന്നു. ഉഗ്ര ശേഷിയുള്ള ബോംബ് വീടിന്റെ വരാന്തയിലാണ് വന്ന് വീണത്. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം ബോംബ് പൊട്ടിയില്ല.
ബോംബ് പൊട്ടിയിരുന്നെകിൽ വീട് പൂർണമായും തകർന്നേനെ. അത്രയും വലിപ്പമുള്ള ബോംബായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















