ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭീതി ആവശ്യമില്ലെന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും രാജ്യത്ത് മതിയായ കരുതൽ ശേഖരമുണ്ടെന്നും ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ കമ്പനികൾ സംയുക്തമായി അറിയിച്ചു.
ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും കമ്പനികൾ വ്യക്തമാക്കി. രാജ്യത്തെ പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും പതിവുപോലെ ഇന്ധനം ഉപയോഗിക്കാമെന്നും എച്ച്പിസിഎൽ അറിയിച്ചു.
















