സാമ്രാജ്യത്വത്തിന്റെ ഉപരോധ വിരട്ടലുകള്‍ക്ക് ഇറാന്റെ ‘ചെക്ക്’ ലോകമാകെ വിസ്മയിപ്പിക്കുമ്പോള്‍ ഒന്നുറപ്പിക്കാം, അമേരിക്കയും സംഖ്യകക്ഷികളും ശരിക്കും വിയര്‍ക്കും. സ്വന്തം വിഭവങ്ങള്‍, സ്വന്തം മണ്ണ് സ്വന്തം കടല്‍ ഇവയ്ക്കുമേല്‍ പൂര്‍ണ്ണ അധികാരം തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അടിയറവയ്ക്കില്ലെന്ന് ഉറപ്പിച്ചു നിലകൊള്ളുകയണ് ഇറാന്‍. ലോകം എണ്ണവില വര്‍ദ്ധനവിനെക്കുറിച്ച് ആകുലപ്പെടുമ്പോള്‍, ഇറാന്‍ എന്ന രാജ്യത്തിന്റെ വിലയെന്താണെന്ന് തിരിച്ചറിയുന്നു. ഹോര്‍മുസ് കടലിടുക്ക് ഇന്ന് ഒരു ലോക കവാടമാണ്. അത് നിയന്ത്രിക്കുന്നത് ഇറാനും. ഇപ്പോള്‍ നടക്കുന്ന അധിനിവേശ യുദ്ധത്തിന്റെ ആവശ്യവും ഹോര്‍മുസ് കലിടുക്കും എണ്ണയുടെ കൈയ്യാളലുമാണെന്ന് വ്യക്തം. അത് തടയുകയാണ് ഇറാന്‍ ചെയ്യുന്നത്. അവനിടെ അതിജീവനത്തിന്റെയും തന്ത്രപരമായ വിജയത്തിന്റെയും അടയാളമായി ഹോര്‍മുസിന്റെ നിയന്ത്രണം മാറിക്കഴിഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ ഫീസ് ആവശ്യപ്പെടുമ്പോള്‍ അത് അമേരിക്കയ്ക്കും സംഖ്യകക്ഷികള്‍ക്കും വലിയ തിരിച്ചടിയാണ്. ഇതുവരെ ഇല്ലാത്ത അടിയന്തിരാവസ്ഥ ഇപ്പോഴുണ്ടാകുന്നത് ഇറാന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്‍ ഈടാക്കുന്നു എന്ന് പറയപ്പെടുന്ന ‘ടോള്‍’ യഥാര്‍ത്ഥത്തില്‍ ആ ജലപാതയുടെ സംരക്ഷണത്തിനായുള്ള മുതല്‍മുടക്കാണ്. സൂയസ് കനാലില്‍ ഈജിപ്ത് ചെയ്യുന്നതു പോലെ, സ്വന്തം ജലാതിര്‍ത്തിയിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ പെട്രോളിംഗ് ബോട്ടുകളും അകമ്പടിയും നല്‍കുന്നതിന് ചെലവ് വരുന്നത് സ്വാഭാവികമാണ്. ഏകദേശം 18 കോടി രൂപയോളം ഫീസായി ഈടാക്കുന്നത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗത രംഗത്ത് പുതിയൊരു കീഴ്വഴക്കമായി മാറിയിരിക്കുകയാണ്.
ഇടപാടുകള്‍ അമേരിക്കന്‍ ഡോളറിനു പകരം ചൈനീസ് യുവാനില്‍ നടത്തുന്നത് ഇറാന്റെ തന്ത്രപരമായ നീക്കമാണ്. പതിറ്റാണ്ടുകളായി ലോകത്തെ നിയന്ത്രിച്ചിരുന്ന പെട്രോ ഡോളര്‍ എന്ന സാമ്രാജ്യത്വ ആയുധത്തെ തകര്‍ക്കാന്‍ ഇതിലൂടെ ഇറാന് സാധിക്കുന്നു. സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം ആഗോള വിപണിയില്‍ പുതിയൊരു സാമ്പത്തിക ക്രമം കെട്ടിപ്പടുക്കാന്‍ ഇറാന്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും പ്രചോദനമാണ്. ഇതിലൂടെ ലോകത്തിന്റെ ഊര്‍ജ്ജനാഡി എന്നറിയപ്പെടുന്ന ഈ ജലപാതയുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് ഇറാന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന ഈ ഇടുങ്ങിയ പാതയില്‍ ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി വെറുമൊരു യുദ്ധതന്ത്രമല്ല. അതൊരു പ്രഖ്യാപനം കൂടിയാവുകയാണ്.
യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിടുക എന്നതിന് പകരം തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രം വഴി തുറന്നുകൊടുക്കുക എന്ന വിവേകപൂര്‍ണ്ണമായ നയമാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇറാന്റെ പക്വതയാര്‍ന്ന നയതന്ത്രജ്ഞതയാണ് തളിയിക്കുന്നത്. ശത്രുക്കള്‍ക്കു മുമ്പില്‍ വാതില്‍ അടയ്ക്കുകയും സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് സുരക്ഷിതമായ പാത ഉറപ്പാക്കാന്‍ ഇറാന്‍ സന്നദ്ധമാകുന്നുണ്ട്. സമുദ്ര സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ നടത്തുന്ന ഈ നിയന്ത്രണങ്ങള്‍ മേഖലയിലെ ക്രമസമാധാനത്തിന് ആവശ്യമാണ്.
ഇറാന്റെ ഈ കര്‍ക്കശമായ നിലപാട് കാരണം കടലിടുക്കിലൂടെയുള്ള ഗതാഗതം കുറഞ്ഞുവെങ്കിലും, ചൈനയും ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം വളരെ മാതൃകാപരമാണ്. യുദ്ധ സാഹചര്യത്തിലും ഇന്ത്യയിലേക്കുള്ള ആറ് ടാങ്കറുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ അനുമതി നല്‍കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തിന്റെ തെളിവാണ്. തങ്ങളെ വിശ്വസിക്കുന്നവരെ ഇറാന്‍ ഒരിക്കലും കൈവിടില്ല എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഈ ജലപാതയില്‍ നടത്തുന്ന പരിശോധനകള്‍ വളരെ കൃത്യവും ശാസ്ത്രീയവുമാണ്. ഓരോ കപ്പലിന്റെയും ഉടമസ്ഥാവകാശവും ചരക്കും വിശദമായി പരിശോധിച്ച ശേഷം മാത്രം കോഡുകള്‍ നല്‍കി കടത്തിവിടുന്നത് തീവ്രവാദ നീക്കങ്ങളെയും ശത്രുക്കളുടെ ചാരപ്രവൃത്തികളെയും തടയാന്‍ സഹായിക്കുന്നു.
വിഎച്ച്എഫ് റേഡിയോയിലൂടെയുള്ള ആശയവിനിമയവും പെട്രോളിംഗ് ബോട്ടുകളുടെ അകമ്പടിയും കപ്പലുകള്‍ക്ക് വലിയൊരു സുരക്ഷാ കവചമാണ് ഒരുക്കുന്നത്. ഭൂമിശാസ്ത്രപരമായി ഇറാന് ലഭിച്ചിരിക്കുന്ന മലനിരകളും തീരപ്രദേശങ്ങളും കപ്പലുകള്‍ക്ക് മികച്ച പ്രതിരോധം നല്‍കുന്നുണ്ട്. ശത്രുക്കളുടെ ഡ്രോണുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാന്‍ ഇറാന്റെ ഈ ‘സ്വാഭാവിക കോട്ട’ സഹായിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാന്റെ ഈ ആധിപത്യത്തെ ഭയത്തോടെയാണ് കാണുന്നത്, കാരണം കടലിന്റെ രാജാക്കന്മാര്‍ തങ്ങളാണെന്ന് ഓരോ വിക്ഷേപണത്തിലൂടെയും ഇറാന്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇറാന്‍ ഇപ്പോഴും ഒരു തുറന്ന നയതന്ത്രത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
തങ്ങളുടെ പരമാധികാരം അംഗീകരിക്കാന്‍ തയ്യാറുള്ള ഏത് രാജ്യവുമായും സഹകരിക്കാന്‍ ഇറാന്‍ സന്നദ്ധമാണ്. കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സമില്ലാതെ തുടരാന്‍ ഇറാന്‍ നല്‍കുന്ന വിട്ടുവീഴ്ചകള്‍ പലപ്പോഴും വാര്‍ത്തകളില്‍ തമസ്‌കരിക്കപ്പെടുകയാണ്. കേവലം 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ജലപാതയിലൂടെ ആര് കടന്നുപോകണം എന്ന് തീരുമാനിക്കാനുള്ള അധികാരം തങ്ങളിലാണെന്ന് ഇറാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ശത്രുക്കളുടെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാന്‍ കടലിടുക്കിന്റെ സ്വാഭാവികമായ പ്രത്യേകതകളെ അവര്‍ കവചമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
















