രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ 2’ ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചുകൊണ്ട് കുതിപ്പു തുടരുന്നു. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ ചിത്രം 1000 കോടി രൂപയിലേറെ കളക്ഷൻ നേടിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിൽ എത്തുന്ന രണ്ടാമത്തെ ചിത്രമായി ‘ധുരന്ധർ 2’ മാറി. ആറുദിവസംകൊണ്ട് ഈ നേട്ടം കൈവരിച്ച അല്ലു അർജുന്റെ ‘പുഷ്പ 2’ മാത്രമാണ് മുന്നിലുള്ളത്.
എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ (ഒമ്പതു ദിവസംകൊണ്ട് 1000 കോടി), ‘ആർ.ആർ.ആർ.’ (RRR), ‘കെ.ജി.എഫ്. 2’, ‘കൽക്കി 2898 എ.ഡി.’ എന്നീ പാൻ-ഇന്ത്യൻ ഹിറ്റുകളെയും ബോളിവുഡ് ചിത്രങ്ങളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയെയും ഈ ചിത്രം പിന്നിലാക്കി. കൂടാതെ, ആഗോളതലത്തിൽ 100 ദശലക്ഷം (100 മില്യൺ) ഡോളർ മാർക്ക് മറികടക്കുന്ന എട്ടാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും ‘ധുരന്ധർ 2’ സ്വന്തമാക്കി.
ബോക്സ് ഓഫീസ് കണക്കുകൾ
ആദ്യ മൂന്നുദിവസത്തിനുള്ളിൽത്തന്നെ ഇന്ത്യയിൽനിന്ന് 100 കോടി നേടിയ ചിത്രം, ഏഴു ദിവസങ്ങൾ പിന്നിടുമ്പോൾ ₹635.29 കോടി രൂപയാണ് (നെറ്റ്) ആഭ്യന്തരവിപണിയിൽനിന്ന് സമാഹരിച്ചത്. ഗ്രോസ് കളക്ഷനായി ₹758.58 കോടി രൂപയും നേടിയെന്ന് സാക്നിൽക് വെബ്സൈറ്റിൽ പറയുന്നു.
വിദേശരാജ്യങ്ങളിൽനിന്ന് ഏകദേശം 261.92 കോടി രൂപയും ചിത്രം നേടി.
നിലവിൽ ആകെ 1000 കോടി രൂപയിലേറെ ചിത്രം ലോകമെമ്പാടുനിന്നുമായി നേടിയിരിക്കുന്നത്.
മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യഭാഗം 1300 കോടി രൂപയാണ് ആകെ നേടിയത്. നിലവിലെ കുതിപ്പു തുടർന്നാൽ രണ്ടാം ഭാഗം ആദ്യഭാഗത്തിന്റെ റെക്കോർഡുകൾ തകർക്കുമെന്ന് ഉറപ്പാണ്. വരുംദിവസങ്ങളിൽ ‘പത്താൻ’, ‘കൽക്കി 2898 എ.ഡി.’ എന്നീ ചിത്രങ്ങളുടെ ആകെ കളക്ഷനെ ‘ധുരന്ധർ 2’ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















