മൊബൈൽ ഫോണുമായി കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വൈകിട്ട് കിടന്നുറങ്ങുന്നത് വരെ നമ്മുടെ കൂടെ ഫോൺ ഉണ്ടാകും. അതുകൊണ്ടു തന്നെ ചുറ്റുമുള്ളവർക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാകുന്നതിനേക്കാൾ നമ്മുടെ ഫോണിന് എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ എന്നാകും നമ്മ ആദ്യം ശ്രദ്ധിക്കുക. അത്തരത്തിൽ പലരും പറയുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ചാർജ് വേഗത്തിൽ തീരുന്നു എന്നത്.
സ്‌ക്രീൻ ഓണാക്കി ഫോൺ ഉപയോഗിക്കുമ്പോൾ മാത്രമേ ബാറ്ററി വേഗത്തിൽ തീരുകയുള്ളൂ എന്നാണ് നമ്മൾ സാധാരണയായി കരുതുന്നത്. കാരണം ഡിസ്‌പ്ലേയാണ് സാധാരണയായി ഏറ്റവും കൂടുതൽ ബാറ്ററി പവർ ഉപയോഗിക്കുന്നത്. എന്നാൽ ഫോൺ വെറുതെ ഇരിക്കുമ്പോഴും ചാർജ് കുറയുന്ന ഒരു പ്രതിഭാസമുണ്ട്. ‘ഐഡിൽ ബാറ്ററി ഡ്രെയിൻ’ (Idle Battery Drain) എന്ന ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം അറിഞ്ഞാലോ ?
നിങ്ങളുടെ ഫോണിലെ നെറ്റ്‌വർക്ക് റേഞ്ച് കുറവാണെങ്കിൽ, ഒരു മികച്ച സിഗ്നലിനായി ഫോൺ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ബാറ്ററിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചാർജ് വേഗത്തിൽ കുറയാൻ കാരണമാവുകയും ചെയ്യുന്നു. വൈഫൈ (Wi-Fi) ഉപയോഗിക്കുന്നതിനേക്കാൾ 5G നെറ്റ്‌വർക്ക് തിരയുന്നതിനാണ് ഫോൺ കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പല ആപ്പുകളും നിങ്ങളുടെ അനുവാദം പോലുമില്ലാതെ പശ്ചാത്തലത്തിൽ (Background) പ്രവർത്തിക്കുകയും ഡാറ്റ സിങ്ക് (Sync) ചെയ്യുകയും ചെയ്യുന്നു. ഇത് ഫോൺ തൊടാതെ തന്നെ ബാറ്ററി പതുക്കെ തീരാൻ കാരണമാകുന്നു. ഉപയോഗിക്കാത്ത ആപ്പുകളുടെ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി നിയന്ത്രിക്കുന്നതിലൂടെ ചാർജ് ലാഭിക്കാം.
ഫോണിലേക്ക് നിരന്തരം വരുന്ന നോട്ടിഫിക്കേഷനുകൾ ഓരോ തവണയും സ്ക്രീൻ തെളിയാൻ കാരണമാകുന്നു. ഇങ്ങനെ ഇടയ്ക്കിടെ ഡിസ്പ്ലേ ഓൺ ആകുന്നത് ചാർജ് പെട്ടെന്ന് തീർക്കുന്നു. ഇതിന് പരിഹാരമായി ആപ്പുകളുടെ നോട്ടിഫിക്കേഷൻ ഓഫാക്കി വെക്കാവുന്നതാണ്.
ഫോണിലെ സോഫ്റ്റ്‌വെയറിലോ ആപ്പുകളിലോ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ അമിതമായി ബാറ്ററി ചോരാൻ കാരണമായേക്കാം. ഫോണിലെ സോഫ്റ്റ്‌വെയറുകളും ആപ്പുകളും കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുന്നത് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
















