കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹരിപ്പാട്, സാംസ്‌കാരികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഈ പ്രദേശം ‘ക്ഷേത്രനഗരി’ എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ ഈ നഗരം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഹരിപ്പാട് മണ്ഡലത്തിൽ ഒരു നഗരസഭയും ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീ പത്ത് ഗ്രാമപഞ്ചായത്തുകളുമാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ 20 വർഷമായി മറ്റൊരു പാർട്ടിക്കും ഇടം നൽകാതെ കോൺഗ്രസ് പാർട്ടിയുടെ കൊടി മാത്രം പാറുന്ന മണ്ണാണ് ഹരിപ്പാട്. ഈ രണ്ടു പതിറ്റാണ്ടുകാലത്തെ ആധിപത്യം ഇത്തവണ തിരുത്തപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
1957-ൽ കേരള സംസ്ഥാനം രൂപീകൃതമായതിന് പിന്നാലെ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഹരിപ്പാട് മണ്ഡലം രൂപംകൊള്ളുന്നത്. അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. രാമകൃഷ്ണപിള്ളയായിരുന്നു ആദ്യ എം.എൽ.എ. കോൺഗ്രസ് സ്ഥാനാർത്ഥി കെ. ബാലഗംഗാധരനെ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. പിന്നീട് പലപ്പോഴായി കോൺഗ്രസും ഇടത് പക്ഷവും മാറിമാറി വിജയിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായാണ് ഹരിപ്പാട് അറിയപ്പെടുന്നത്. രമേശ് ചെന്നിത്തല, ടി.കെ. ദേവകുമാർ, എ.വി. താമരാക്ഷൻ തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഹരിപ്പാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ നേതാവാണ് രമേശ് ചെന്നിത്തല. 1982-ൽ തന്റെ 28-ാം വയസ്സിൽ ഹരിപ്പാട് നിന്ന് വിജയിച്ച് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അദ്ദേഹം റെക്കോർഡ് സ്ഥാപിച്ചു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയ അദ്ദേഹം 2011-ൽ വീണ്ടും ഹരിപ്പാട് മണ്ഡലത്തിലൂടെ കേരള നിയമസഭയിലെത്തി. 2011, 2016, 2021 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച അദ്ദേഹം നിലവിൽ മണ്ഡലത്തിന്റെ സിറ്റിംഗ് എം.എൽ.എ ആണ്. ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം വഹിച്ച സേവനങ്ങൾ ഹരിപ്പാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ളവയാണ്.
2021-ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല 72,768 വോട്ടുകൾ (48.31%) നേടി വിജയിച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ആർ. സജിലാലിന് 59,102 വോട്ടുകൾ (39.24%) ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കെ. സോമൻ 17,890 വോട്ടുകൾ (11.88%) നേടി വോട്ട് വിഹിതത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 2011-ലും 2016-ലും ചെന്നിത്തല 50 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് മണ്ഡലം നിലനിർത്തിയത്.
2026 ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് വീണ്ടും കടുത്ത പോരാട്ടത്തിനാണ് വേദിയാകുന്നത്. യു.ഡി.എഫിനായി രമേശ് ചെന്നിത്തല തന്നെ വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് ടി.ടി. ജിസ്‌മോനെയാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി സന്ദീപ് വചസ്പതി കൂടി എത്തുന്നതോടെ മത്സരം ത്രികോണ സ്വഭാവത്തിലേക്ക് മാറുന്നു. കൂടാതെ എസ്.യു.സി.ഐ (സി) സ്ഥാനാർത്ഥി വിദ്യ വി.പി, സ്വതന്ത്ര സ്ഥാനാർത്ഥികളായ സൗമ്യ വി. ശശിധരൻ, രമേശ് സി എന്നിവരും മത്സരരംഗത്തുണ്ട്.
2026-ലെ കണക്കനുസരിച്ച് മണ്ഡലത്തിൽ ആകെ 1,83,512 വോട്ടർമാരാണുള്ളത് .87,373 പുരുഷന്മാർ, 96,135 സ്ത്രീകൾ, 4 ട്രാൻസ്‌ജെൻഡർ വോട്ടർമാർ. വികസനവും രാഷ്ട്രീയ പാരമ്പര്യവും ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് ആരെ തുണയ്ക്കുമെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. തങ്ങളുടെ കോട്ട നിലനിർത്തുമെന്ന് കോൺഗ്രസ്സും, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുമെന്ന് ഇടതുമുന്നണിയും, മാറ്റത്തിനായി ജനങ്ങൾ തങ്ങളെ തുണയ്ക്കുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു
















