വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖം കേരളത്തിന് വലിയ നേട്ടം തന്നെയാണ്. എന്നാല്‍, കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് വിഴിഞ്ഞം ഇപ്പോള്‍ വലിയ തലവേദനയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയില്‍ കുടുങ്ങിയിരിക്കുകയാണ്. ഈ വിമ്മിഷ്ടം ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് ഇടതുപക്ഷമാണ്. മുന്നണിയിലെ പ്രബലരായ സി.പി.എമ്മിനാണ് ശരിക്കും പ്രശ്‌നം. വിഴിഞ്ഞം ഉദ്ഘാടനവും MSC കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കിയും അദാനിയെ പാര്‍ട്ണര്‍ എന്ന് വിളിച്ച് സ്‌നേഹിച്ചതും, പ്രധാനമന്ത്രി അതിനെ ട്രോളി പ്രസംഗിച്ചതുമെല്ലാം സി.പി.എമ്മിന് തിരിച്ചടിയായിരിക്കുന്നു. ഇതിനെല്ലാം ശേഷം ദേശാഭിമാനി തന്നെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം എഴുതിയതും കൂടി വന്നതോടെ സി.പി.എം ആകെ പെട്ടു.
ഇപ്പോള്‍ അതില്‍ നിന്നും തലയൂരാനുള്ള തത്രപ്പാടില്‍ സി.പിഎമ്മിനുള്ളില്‍ ഉള്‍പാര്‍ട്ടീ തമ്മില്‍ത്തല്ല് നടക്കുകയാണ്. കേഡര്‍ പാര്‍ട്ടി ആയതുകൊണ്ട് രഹസ്യ സ്വഭാവം അനിവാര്യമായതു കൊണ്ട് മാധ്യമങ്ങള്‍ അകത്തെ തല്ല് അതീവ രഹസ്യമായി ചോര്‍ത്തി എത്തിക്കുന്നുണ്ട്. വിഴിഞ്ഞത്തെ അദാനി – എം.എസ്.സി ഓഹരി വില്‍പനയെ പുകഴ്ത്തിയെഴുതിയ സി.പി.എം മുഖപത്രത്തില്‍, ‘ഓഹരി വില്‍പനയിലൂടെ തുറമുഖക്കൊള്ളയാണ്’ നടക്കുന്നതെന്നു പാര്‍ട്ടി സെക്രട്ടറി തിരുത്തിയെഴുതിയിട്ടും മതിവരാതെ നേതാക്കള്‍. ഓഹരി കൈമാറ്റ നീക്കത്തില്‍ കരാര്‍ ലംഘനമുണ്ടെന്നും സതീശന്‍ – അദാനി ഡീല്‍ ഉണ്ടെന്നും സ്ഥാപിക്കാനാണ് എം.വി.ഗോവിന്ദന്‍ ലേഖനമെഴുതിയത്.
എന്നാല്‍ ഇ.പി.ജയരാജനു പിന്നാലെ മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ.ശ്രീമതിയും വിയോജിപ്പുമായി രംഗത്തെത്തി. ദിവ്യ എസ്.അയ്യരുടെ സ്ഥലംമാറ്റത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ വിശ്വാസത്തിലെടുക്കാന്‍ ശ്രീമതി തയാറായതുമില്ല. ദിവ്യയുടെ മാറ്റത്തില്‍ രാഗേഷിന്റേതിനു വിരുദ്ധമായ നിലപാട് ഇന്നലെയും ആവര്‍ത്തിച്ച കെ.കെ.ശൈലജ, പക്ഷേ വിഴിഞ്ഞം ഓഹരികൈമാറ്റത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനൊപ്പമാണ്.
എം.വി.ഗോവിന്ദനുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാത്ത ഇ.പി.ജയരാജന്‍, ഒരുഘട്ടത്തില്‍ പോലും പിണറായി വിജയനെ വിമര്‍ശിക്കാത്ത നേതാവാണ്. എന്നാല്‍, വിഴിഞ്ഞം വിഷയത്തില്‍ പിണറായിയുടെ നിലപാടിനെക്കൂടിയാണ് ഇ.പി. തള്ളിയത്.
വിവാദത്തിലേക്കു പോയി പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ജീവമാക്കുന്നതു ഗുണകരമല്ലെന്നും ക്രെഡിറ്റ് എക്കാലവും യു.ഡി.എഫിനു ലഭിക്കാനിടയാക്കുമെന്നുമാണു പരസ്യ പ്രതികരണത്തെക്കുറിച്ച് ഇ.പി പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോടു വിശദീകരിച്ചത്. ഇ.പി പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുന്നുവെന്നാണു ശ്രീമതി ഇന്നലെ ഡല്‍ഹിയില്‍ പ്രതികരിച്ചത്. ജയരാജന്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്നും ശ്രീമതി വ്യക്തമാക്കി. ‘ദിവ്യയെ മാറ്റിയതില്‍ കെ.കെ.രാഗേഷ് ഉന്നയിച്ച ആരോപണം കുറെക്കൂടി കൃത്യതയോടെ പറഞ്ഞാല്‍ മാത്രമല്ലേ എല്ലാവര്‍ക്കും ബോധ്യപ്പെടുകയുള്ളൂ’ എന്ന ശ്രീമതിയുടെ അഭിപ്രായം നേതാക്കളില്‍ പലര്‍ക്കുമുണ്ട്. ആദ്യഘട്ടത്തില്‍ രാഗേഷിനെ പിന്തുണച്ച എം.വി.ഗോവിന്ദന്‍ ഇന്നലെ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അതിനു മുതിര്‍ന്നില്ല.
‘ദിവ്യ എസ്.അയ്യരെ നീക്കിയത് അദാനിയെ സഹായിക്കാനല്ലേ എന്ന ചോദ്യം ചില മാധ്യമങ്ങള്‍ പോലും ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി’ എന്നാണു ലേഖനത്തിലെ പരാമര്‍ശം. ഇ.പി.ജയരാജന്‍ നടത്തിയ പരസ്യപ്രതികരണത്തിലുള്ള അതൃപ്തിയും ചില നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം ഓഹരി വില്‍പന വലിയ കൊള്ളയാണെന്ന് ആരെയും പ്രത്യേകിച്ചു ബോധ്യപ്പെടുത്തേണ്ടതില്ലെന്ന സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം ഇ.പിയെ ലക്ഷ്യമിട്ടാണ്. ദിവ്യയെ മാറ്റിയതില്‍ രാഗേഷ് അഭിപ്രായം പറഞ്ഞത്, എല്‍.ഡി.എഫ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരിക്കേ കൂടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെന്ന നിലയ്ക്കാണെന്നു ന്യായീകരിക്കുകയും ചെയ്തു.
സി.പി.എം മുഖപത്രത്തെ പാര്‍ട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞതിനെച്ചൊല്ലിയുള്ള മുറുമുറുപ്പുകളും ഉയരുന്നുണ്ട്. പാര്‍ട്ടി പത്രത്തില്‍ വരുന്നതെല്ലാം ശറിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല എന്നു പറഞ്ഞാല്‍ പത്രം കള്ളം എഴുതുന്നുണ്ട് എന്നാണര്‍ത്ഥം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, പാര്‍ട്ടിയിലെ യുവ ബുദ്ധിജീവിയുമാ എം. സ്വരാജാണ് ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ എന്നതും ഓര്‍ക്കണം. പത്രത്തില്‍ വരുന്ന കള്ള വാര്‍ത്തകള്‍ക്ക് സ്വരാജും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്. അതുവഴി സി.പി.എമ്മും ഓഡിറ്റ് ചെയ്യപ്പെടണം.
















