സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വോട്ടെടുപ്പു ദിവസമായ ഏപ്രില്‍ 9 ന് വേതനത്തോടു കൂടിയ അവധി അനുവദിയ്ക്കാന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു. അവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തില്‍ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുയോ ചെയ്യാന്‍ പാടില്ലന്നും ഉത്തരവില്‍ പറയുന്നു. സാധാരണ ഇത്തരത്തില്‍ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവര്‍ക്ക് അവധി അനുവദിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് വേതനം നല്‍കേണ്ടതാണ്.
എന്നാല്‍ അവധി അനുവദിക്കുമ്പോള്‍ ആ വ്യക്തി ചെയ്യുന്ന തൊഴിലിന് തുടര്‍ച്ചയായതോ ആപത്ക്കരമോ സാരവത്തായതോ ആയ നഷ്ടത്തിന് ഇടവരും എന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ജോലി ചെയ്യുന്ന മണ്ഡലത്തില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന / കാഷ്വല്‍ / കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പു ദിവസം വേതനത്തോടു കൂടിയ അവധിയ്ക്ക് അര്‍ഹതയുണ്ട്. ഐ ടി, വ്യവസായ, പ്ലാന്റേഷന്‍, നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.
















