പെട്ടിയില്‍ വോട്ടു വീഴാന്‍ ഇനി വെറും ആറ് ദിവസം മാത്രമാണ് മുന്നിലുള്ളത്. പ്രചാരണത്തിനായി എന്തൊക്കെ ആയുധങ്ങള്‍ കിട്ടുന്നുവോ അതെല്ലാം എടുത്തു പ്രയോഗിക്കുന്ന തിക്കിലും തിരക്കിലുമാണ് മുന്നണികളും പാര്‍ട്ടി പ്രവര്‍ത്തകരും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ സജീവമാക്കുന്നത്. ശബ്ദ കോലാഹലങ്ങളോ, പോസ്റ്റര്‍ ബാനര്‍ പ്രചാരണങ്ങളോ ഇല്ലാതെ വോട്ടര്‍മാരുടെ ആണ്‍ഡ്രോയിഡ് മൊബൈലുകളില്‍ സ്ഥാനാര്‍ത്ഥി എത്തുന്നു. നിലപാടുകളും പ്രത്യാക്രമണങ്ങളും, തഗ്ഗുകളും, മരുപടികളുമായി സോഷ്യല്‍ മീഡിയ നിറയുന്ന ക്യാമ്പെയ്‌നുകള്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയില്‍ വ്യാജവും, സത്യ വിരുദ്ധവുമായ കാര്യങ്ങളും വന്നു വീഴുന്നുണ്ട്.
എന്നാല്‍, ഇതിനെല്ലാം മുകളില്‍ ഒരു പൊരുളുണ്ട്. അതാണ് പ്രകടന പത്രിക. ഒരു മുന്നണിയുടെ അടുത്ത അഞ്ചുവര്‍ഷത്തെ പ്ലാന്‍ എന്താണ് എന്നതാണ് വോട്ടര്‍മാര്‍ സസൂക്ഷ്മം വീക്ഷിക്കുന്നത്. അതിന് പ്രകടന പത്രികയില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പദ്ധതികളും, പരിപാടികളും മുന്നണികള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് പറഞ്ഞാണ് ഇടതുപക്ഷത്തിന്റെ നില്‍പ്പെങ്കില്‍, പുതിയ വാഗ്ദാനങ്ങളും ഇടതുപക്ഷത്തിന്റെ പറഞ്ഞു പറ്റിക്കലുമെല്ലാം നിരത്തിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക വെയ്്ക്കുന്നത്. ഇതിനെല്ലാം ബദല്‍ എന്നതാണ് ബി.ജെപിയുടെ പത്രിക. അതില്‍ പറയുന്നത് ലോക രാജ്യങ്ങളില്‍ ഉള്ളതെല്ലാമാണ്. ഓരോ പ്രകടന പത്രികയിലെയും വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളും സത്യവും ജനം തിരിച്ചറിയുന്നുണ്ട്.
കൂടാതെ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തതും, ചെയ്യാതെ പോയതും വിലയിരുത്തുന്നുമുണ്ട്. ഇതെല്ലാം ജനങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ നോക്കുന്നത്, ഭരിച്ചിരുന്ന സര്‍ക്കാരിനെയാണ്. നിലവിലെ സര്‍ക്കാരിനെയും, അതിനു തൊട്ടുമുമ്പു ഭരിച്ച സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടു ടേമും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരുന്നു. ആദ്യ ടേമില്‍ വെള്ളപ്പൊക്കവും നിപ്പയും ഓഖിയും എത്തിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിതാന്ത പരിശ്രമം നടത്തിയതിന്റെ ഫലമാണ് രണ്ടാം ടേമിലും ജനം പിണറായി സര്‍ക്കാരിനെ ഇരുത്തിയത്. എന്നാല്‍, മൂന്നാം ചേമിലേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ പോകുമോ എന്നതാണ് ഇത്തവണത്തെ പ്രകടന പത്രികയുടെ പ്രത്യേകത. ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്തു മുതല്‍, ലാവ്‌ലിന്‍ കേസിലെ തീര്‍പ്പാക്കാത്ത നടപടികള്‍ വരെയും, വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതും, ശബരിമല സ്ത്രീ പ്രവേശനത്തിലെ മലക്കം മറിയലുമൊക്കെ പ്രതിപക്ഷത്തിന്റെ ആയുധങ്ങളാണ്.
എന്നാല്‍, ശുഭാപ്തി വിശ്വാസത്തോടെ പിണറായി 2.0 അതേപടി വീണ്ടും തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ വിജയം മാത്രമേ ഉറപ്പിച്ചിട്ടുള്ളൂ. പ്രകടനപത്രികയിലും അതു തന്നെയാകും മുന്നോട്ടു വെയ്ക്കുന്നതും. സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ട്രബ്യൂട്ടറി പെന്‍ഷനാണ് പ്രധാനമായും പ്രസ്‌നമാകുന്നത്. പിന്നൊന്ന് അവരുടെ ആനുകൂല്യങ്ങളില്‍ എടുക്കേണ്ട തീരുമാനങ്ങളും. ഇങ്ങനെ തുടങ്ങി അടിസ്ഥാന സൗകര്യ വികസനം അടക്കം വ്യവസായ സൗഹൃദം വരെ പത്രികയില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. ശബരിമല ആചാര സംരക്ഷണം മുതല്‍ കാര്‍ഷിക-ക്ഷേമ പദ്ധതികള്‍ വരെ നീളുന്ന വിപുലമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകര്‍ഷണം.
വിവാദമായ ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നതാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കേവലം ആനുകൂല്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുമെന്നും മുന്നണി ഉറപ്പുനല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും പത്രികയിലുണ്ട്. ക്യാമ്പസുകളിലെ റാഗിംഗിന് അന്ത്യമിടാന്‍ പൂക്കോട് വെറ്ററിനറി കോളേജില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക വിരുദ്ധ പദ്ധതിയും യുഡിഎഫ് വിഭാവനം ചെയ്യുന്നു.
ഭരണരംഗത്ത് സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും പുതുതായി രൂപീകരിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകടനപത്രികയിലൂടെ ഐക്യമുന്നണി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. ഈ ഉറപ്പിന്റെ ബലമെന്താണെന്ന് കൃത്യമായി അറിയാവുന്നത് വോട്ടര്‍മാര്‍ക്കു തന്നെയാണ്. എങ്കിലും അടുപ്പിച്ചുള്ള ഇടതുഭരണം നാളെ മറ്റൊരു ഏകാധിപത്യത്തിന്റെ സ്വഭാവം കാണിക്കുമോ എന്നും ഭയമുണ്ട്. കേന്ദ്രത്തിലും കേരളത്തിലും കേഡര്‍ പാര്‍ട്ടികളാണ് ഭരിക്കുന്നതെന്ന് സാരം.
ഇവിടെയാണ് ബി.ജെ.പിയുടെ കേന്ദ്രബുദ്ധി പ്രയോഗിക്കപ്പെടുന്നത്. കേരളത്തില്‍ മുടങ്ങിയതും മുടക്കിയതുമായ എല്ലാ പദ്ധതികളെയും ബി.ഡെ.പി പ്രകടന പത്രികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് മിക്ക സ്ഥാനാര്‍ത്ഥികളും പയറ്റുന്നത്. അതായത്, നരേന്ദ്രമോദി എന്നൊരു പ്രധാനമന്ത്രി ഇല്ലെങ്കില്‍ ബി.ജെ.പിയുടെ പ്രചാരണവും പ്രകടന പത്രികയും വെള്ളത്തിലായേനെ.
















