കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ ഇടതുപക്ഷത്തിന്റേതായ നയങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൽഡിഎഫ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ കേരളത്തിൽ അവിശുദ്ധമായ ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വർഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും ഇത് രാജ്യത്തെ വിഭജിക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുമായുള്ള ഈ രഹസ്യബന്ധം കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇടതുമുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത് രാഷ്ട്രീയ അവസരവാദമല്ലെന്നും മറിച്ച് എൽഡിഎഫിന്റെ നയപരമായ വ്യതിയാനത്തിൽ പ്രതിഷേധിച്ചാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇടതുപക്ഷം മുമ്പ് ചില ആശയങ്ങൾക്കായി നിലകൊണ്ടിരുന്നെങ്കിൽ ഇന്നത്തെ ഗവൺമെന്റ് ക്രിമിനലുകൾക്ക് വഴിമാറിക്കൊടുക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച എൽഡിഎഫിന് ജി. സുധാകരനെപ്പോലുള്ള നേതാക്കളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
















