ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് അജയ് ദേവ്ഗൺ. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റുന്ന അജയ് ദേവ്ഗൺ തന്റെ 57ാം ജന്മദിനവും മനോഹരമായി ആഘോഷിച്ചു. ഈ ദിവസത്തിന് മാറ്റ് കൂട്ടിയത് ഒരു ആഡംബര മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് സ്വന്തമാക്കി കൊണ്ടാണ്. ഏകദേശം 1.4 കോടി രൂപയാണ് വാഹനത്തിന്. മറ്റ് നിരവധി ആഡംബര വാഹനങ്ങളും താരത്തിന്റെ ഗാരിജിലുണ്ട്.
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനമാണിത്. ദിവസങ്ങൾക്കു മുമ്പാണ് ഹാർദിക് പാണ്ഡ്യ ഗേൾഫ്രണ്ട് മഹികയ്ക്ക് ഈ ലക്ഷ്വറി വാഹനം സമ്മാനിച്ചത്. ബിഎംഡബ്ല്യു എക്സ്7, ബിഎംഡബ്ല്യു ഐ7, മെഴ്‌സിഡീസ് ബെൻസ് എസ്450, മെഴ്‌സിഡസ്-മേബാക്ക് GLS600 തുടങ്ങിയ വാഹനങ്ങളും ഗാരിജിലുണ്ട്.
ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് മെഴ്സിഡീസ് ബെൻസ് വി ക്ലാസ് ലഭ്യമാകുക. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം. അകത്തളത്തിലേക്ക് വന്നാൽ, ഈ വാഹനം കംഫർട്ടിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, ആംബിയന്റ് ലൈറ്റിങ്, പ്രീമിയം ഓഡിയോ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം ചേർന്ന് വാഹനത്തെ വേറിട്ടതാക്കുന്നു.
പെട്രോള്‍, ഡീസല്‍ എൻജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ, വി-ക്ലാസ്സിൽ 2.0 ലീറ്റർ എൻജിനും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണുള്ളത്. ഒപ്പം സുഗമമായ പ്രവർത്തനത്തിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്. ഇതിന്റെ പവർ 200+ ബിഎച്ച്പി റേഞ്ചിലാണ് വരുന്നത്.
















