തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം പരാതി നൽകിയത്.
2024-ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ടു വർഷത്തിന് ശേഷം 2026-ൽ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.സി വേണുഗോപാൽ ആരോപിക്കുന്നു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, യുഡിഎഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കാനും തന്റെ സത്കീർത്തി നശിപ്പിക്കാനുമാണ് ഈ നീക്കമെന്ന് പരാതിയിൽ പറയുന്നു.
കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഗൗരവ് കുമാർ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതായി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
നേരത്തെ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകാത്തതിനെത്തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
















