ഹിമാചൽ പ്രദേശിൽ വീട്ടുവളപ്പിൽ നിന്ന് പേരയ്ക്ക എടുത്തെന്ന് ആരോപിച്ചു പെൺകുട്ടിയെ മുൻ സൈനികൻ കെട്ടിയിട്ടു മർദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലെ വിമുക്തഭടനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ കെട്ടിയിട്ടു മർദിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. പെൺകുട്ടി മുൻസൈനികന്റെ വീട്ടിൽ കയറി പേരക്ക പറിച്ചു. ഇത് ഇഷ്ടപ്പെടാതെ ഇയാൾ പെൺകുട്ടിയെ മർദിക്കുകയും വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പകർത്തി.
ശേഷം ഉദ്യോഗസ്ഥൻ പെൺകുട്ടിയെ അഴിച്ചു വിടാൻ പറഞ്ഞിട്ടും ഇയാൾ അത് കേട്ടില്ല. പെൺകുട്ടി നേവി ഉദ്യോഗസ്ഥനോട് രക്ഷിക്കാൻ അഭ്യർഥിച്ച് നിർത്താതെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. അവസാനം നേവി ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വിമുക്തഭടൻ പെൺകുട്ടിയെ കെട്ടഴിച്ചു വിട്ടത്.
സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തതായി അറിയിച്ചു. പ്രതിയായ വിമുക്തഭടനെ ചോദ്യംചെയ്‌തെന്നും പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്തെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു.
















