തിരുവനന്തപുരം: വികസന സംവാദത്തിന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് വി ശിവൻകുട്ടി. നാല് മണിക്ക് മുൻപ് എവിടെവെച്ചാണെങ്കിലും സംവാദത്തിന് തയ്യാർ ആണെന്നും ഒളിച്ചോടുന്നത് രാജീവ് ആണെന്നും ശിവൻകുട്ടി പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 900 കോടിയുടെ വികസനമാണ് താൻ നടപ്പിലാക്കിയത്. രാജീവ് ചന്ദ്രശേഖർ കാര്യങ്ങൾ മനസ്സിലാക്കില്ല എന്നും സത്യവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നത് എന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപി പുറത്തിറക്കിയ മാർഗരേഖ തട്ടിക്കൂട്ട് എന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. താൻ നടപ്പിലാക്കിയ പദ്ധതികൾ അടക്കം ബിജെപി മാർഗരേഖയിലുണ്ട്. തനിക്ക് ഭരണാനുമതി കിട്ടിയ പദ്ധതികളും ബിജെപി ഉൾപ്പെടുത്തി എന്നും ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിൽ പണം ഒഴുക്കുകയാണ് രാജീവ് ചന്ദ്രശേഖർ. രാജീവിനൊപ്പം മത്സരിക്കാൻ കഴിയുന്നത് അദാനിക്ക് മാത്രമാണ്. താൻ കാശ് കൊടുത്തിട്ട് എംപി സ്ഥാനം വാങ്ങിച്ചിട്ടില്ല. തന്റെ ആസ്തിവിവരം ആർക്കും പരിശോധിക്കാം. അമ്മായിയപ്പനെ ചതിച്ച ശീലം തനിക്കില്ല എന്നും ശിവൻകുട്ടി വിമർശിച്ചു.
















