അക്ഷയ് കുമാർ- പ്രിയദർശൻ കോമ്പൊയിൽ റീലിസിനൊരുങ്ങുന്ന ചിത്രമാണ് ‘ഭൂത് ബംഗ്ല’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ അക്ഷയ് കുമാർ എത്തിയ ഔട്ട്ഫിറ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
കറുത്ത പാന്റിനൊപ്പം അക്ഷയ് ധരിച്ച ഷർട്ടാണ് ട്രോളിന് കാരണമായത്. കീറിപ്പറിഞ്ഞ ലുക്കിലുള്ളതാണ് ഷർട്ട്. താഴ്ഭാഗത്താണ് ആ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു ടയ്യും താരം കെട്ടിയിട്ടുണ്ട്. പരിപാടിയിലെ വിഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും നിറഞ്ഞു.
‘2500 കോടിയുടെ ആസ്തിയുണ്ട്. 100 കോടി മുതലാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. എന്നിട്ടും ഒരു ഷർട്ട് വാങ്ങാൻ ഗതിയില്ലാത്ത സൂപ്പർ താരം’, എന്നാണ് താരത്തിന് നേരെ ഉയരുന്ന പ്രധാന ട്രോൾ. ‘ഇയാൾ വ്യത്യസ്തമായ ഒരു ലോകത്താണ് ജീവിക്കുന്നത്’, ‘സിനിമ എങ്ങനെയായിരിക്കുമെന്ന് അക്ഷയ് ഷർട്ടിലൂടെ കാണിച്ചു തന്നു’,
‘ഇന്നലെ ഒരു എലി എന്നെ കടിച്ചു’, ‘പൈസ കിട്ടിയാൽ എന്ത് കോമാളിത്തരത്തിനും തയ്യാറാണ്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബംഗ്ല.
ഏപ്രില്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. പരേഷ് റാവൽ, രാജ്പാൽ യാദവ്, വാമിഖ ഗബ്ബി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
















