നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയ്ക്കു വേണ്ടി ബി.ജെ.പിയുടെ സ്ഥിരം വനിതാ സ്ഥാനാര്‍ത്ഥിയെന്ന നിലയിലും ബി.ജെപി കേരള ഘടകത്തിലെ പ്രധാനപ്പെട്ട നേതാവുമെന്ന നിലയില്‍ ശോഭാ സുരേന്ദ്രന്‍ അവിഭാജ്യ ഘടകമാണ്. കേരളത്തിലെ ബി.ജെപിയുടെ പടിപടിയായുള്ള വളര്‍ച്ചയ്ക്ക് ശോഭാ സുരേന്ദ്രന്‍ നല്‍കിയിട്ടുള്ള സംഭാവന ചെറുതുമല്ല. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍ക്കുന്നുണ്ടെങ്കിലും ഓരോ തോല്‍വിയിലും ശോഭാ സുരേന്ദ്രനിലൂടെ അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് ഷെയര്‍ കൂടി വരികയാണ് എന്നത് സത്യമാണ്. ഒരു വേള ബി.ജെ.പി കേരള ഘടകത്തിന്റെ അമരത്തിരിക്കാന്‍ പോലും ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നതുമാണ്.
ഇവിടെയാണ് ശോഭാ സുരേന്ദ്രന്‍ എന്ന ബി.ജെ.പി വനിതാ നേതാവിന്റെ ഭാഗ്യവും ഭാഗ്യമില്ലായ്മയും പരിശോധിക്കപ്പെടേണ്ടത്. നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് കേരളത്തിലെ പ്രധാന മുന്നണികള്‍ക്കെല്ലാമറിയാം. അതുകൊണ്ടു തന്നെ ശക്തമായ പ്രചാരണവും, വോട്ടുറപ്പിക്കലും നടക്കുന്നുണ്ട്. അവസാന ലാപ്പിലും ആവേശം നിറച്ചുള്ള കലാശക്കൊട്ടും കഴിഞ്ഞ് നാളെ പോളിംഗ് നടക്കാനിരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രനെതിരേ വലിയ ആരോപണം തെളിവോടെ പുറത്തു വരുന്നത്. പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണത്തിന് പിന്‍ബലമായി വീഡിയോയും തെളിവായി പുറത്തു വന്നിരിക്കുകയാണ്.
ശോഭാ സുരേന്ദ്രന്‍ പണം കൊടുക്കുന്നില്ലെങ്കിലും ഒപ്പം വന്ന വനിത വോട്ടര്‍ക്ക് പണം നല്‍കുന്നുണ്ട്. ഇതാണ് വീഡിയോ. ശോഭാ സുരേന്ദ്രന്‍ കാറില്‍ വന്നിറങ്ങുകയും വോട്ടറെ കാണാന്‍ എത്തുകയും ചെയ്ത് മടങ്ങിയപ്പോള്‍, കാറില്‍ നിന്നിറങ്ങിയ മറ്റൊരു സ്ത്രീ വോട്ടറുടെ കൈയ്യില്‍ പണം വെച്ചു കൊടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചവരോട് ശോഭാ സുരേന്ദ്രന്‍ തര്‍ക്കിക്കുന്നതും വീഡിയോയിലുണ്ട്. കേരളത്തില്‍ ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാമതാണ് പാലക്കാട്. ഇവിടെ മറ്റുരണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും മുകളില്‍ ശോഭാ സുരേന്ദ്രന്‍ പ്രചാരണത്തില്‍ മുമ്പിലായിരുന്നു. എന്നിട്ടും, ഒടുവില്‍ ഉണ്ടായ വോട്ടിനു പണം പരിപാടിയില്‍ ശോഭ വീണിരിക്കുകയാണ്.
അധികാര രാഷ്ട്രീയത്തില്‍ ശോബാ സുരേന്ദ്രന്‍ പുറത്തു തന്നെ എന്നാണ് വീണ്ടും തെളിയിക്കപ്പെടുന്നത്. ഒന്നു പ്രകോപിപ്പിച്ചാല്‍ എല്ലാം തകരുമെന്ന അവസ്ഥയില്‍ പാലക്കാട്ടെ വിജയ സാധ്യത തകിടം മറിഞ്ഞിരിക്കുകയാണ്. ഇത് ഒരു മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തിലാകെ പ്രതിഫലിക്കുകയും ചെയ്യു. ബി.ജെ.പി വോട്ടിന് പണം നല്‍കുമ്പോള്‍ പ്രതിപക്ഷങ്ങള്‍ അടങ്ങിയിരിക്കുന്നതെങ്ങനെ. പണം കൊടുക്കാതിരിക്കുന്നവര്‍ തുലോം കുറവാണ്. എന്നാല്‍, തെളിവോടെ പിടിക്കപ്പെട്ടാല്‍ മാത്രമാണ് ഇത് പ്രശ്‌നമാകുന്നത്. പാലക്കാട് വിഷയത്തില്‍ ശോഭാ സുരേന്ദ്രന്റെ വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീ (വെള്ള് ചുരിദാര്‍ ഇട്ട സ്ത്രീ) വോട്ടര്‍ക്ക് പണം കൈയ്യില്‍ വെച്ചു കൊടുത്ത ശേഷം വേഗത്തില്‍ തിരിച്ചിറങ്ങി വരുന്നതാണ് മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്.
ഈ വീഡിയോ ഇപ്പോള്‍ എല്ലാ ചാനലുകളും സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇനി ശോഭാ സുരേന്ദ്രന്റെ വിജയത്തിന്റെ സാധ്യതകള്‍ക്കു പോലും മങ്ങലേല്‍ക്കാന്‍ ഇത് കാരണമാകമെന്നുറപ്പാണ്. പാര്‍ലമെന്ററി ഭാഗ്യം ഇല്ലാതെ കൂമ്പടഞ്ഞു പോവുകയാണ് ശോഭ സുരേന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരിക്ക്. ഇനി ബി.ജെ.പി രാഷ്ട്രീയത്തില്‍ മാത്രം പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടി വരും ഇവര്‍ക്ക്. തെരഞ്ഞെടുപ്പ് രാഷ്ട്രീത്തിന്റെ അവസാന ദിനമായിരുന്നു ഇന്നത്തേത് എന്നാണ് ആ വീഡിയോ കണ്ടവര്‍ക്കെല്ലാം മനസ്സിലാവുക
















