ചെന്നൈ: ‘തങ്ക നക്ഷത്രം 2026 അഥവാ ടി.എൻ. 2026’ എന്ന തമിഴ് ചിത്രത്തിന്റെ പ്രദർശനം നിയമസഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നിർത്തിവെയ്ക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സിനിമ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് ദേശീയ മക്കൾ ശക്തി കക്ഷി പ്രസിഡന്റ് എം.എൽ. രവി ഹർജിയിൽ പറഞ്ഞു.
ഉമാപതി രാമയ്യ സംവിധാനം ചെയ്ത ടി.എൻ 2026-ൽ നാട്ടി നടരാജ്, തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ തുടങ്ങിയവരാണ് അഭിനയിച്ചിട്ടുള്ളത്. ഇതിൽ നാട്ടി നടരാജിന്റെ കഥാപാത്രത്തിന് ടി.വി.കെ. നേതാവ് വിജയ്‌യോട് സാമ്യമുള്ളതായാണ് ട്രെയിലറിൽനിന്ന് മനസ്സിലാവുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിക്കുന്ന സിനിമയാണിതെന്ന് പരാതിയുയർന്നിരുന്നു. ഏപ്രിൽ 10-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. പ്രത്യക്ഷ രാഷ്ട്രീയസൂചനകളുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ പുറത്തിറങ്ങുന്നത് തടയാൻ തിരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകണമെന്നതാണ് ഹർജിക്കാരന്റെ ആവശ്യം.
വിജയ് നായകനായ ‘ജനനായകൻ’ എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെ സിനിമ പ്രദർശിപ്പിക്കാൻ പുനഃപരിശോധനാ സമിതി അനുമതി നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചില്ല. വിജയ് അഭിനയിക്കുന്ന അവസാന സിനിമയാകുമെന്നുകരുതുന്ന ജനനായകൻ ജനുവരിയിൽ പൊങ്കലിനുമുൻപ് തിയേറ്ററുകളിലെത്തിക്കാനാണ് വിതരണക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാ സമിതിയുടെ പരിഗണനയ്ക്കു വിടാൻ സെൻസർ ബോർഡ് ചെയർമാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിഷയം കോടതിയിലെത്തുകയും അനുമതി നീളുകയും ചെയ്തു.
















